പച്ചക്കുതിരയെ ഭാഗ്യചിഹ്നമാക്കി ഭാഗ്യക്കുറി വകുപ്പ്

Posted on: July 15, 2023

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യചിത്രങ്ങളും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രകാശനം ചെയ്തു. മലയാളികള്‍ ഭാഗ്യവുമായി ബന്ധപ്പെടുത്തി പറയാറുള്ള പച്ചക്കുതിരയാണ് ഭാഗ്യചിഹ്നം.

കേരള ലോട്ടറി തന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വില്പ്പനക്കാരുണ്ട്. ഒരു വര്‍ഷം 7000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3000 കോടി മുതല്‍ 3500 കോടി വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്. ലോട്ടറിയുടെ മുഖവിലയ്ക്ക് ടാക്‌സ് എന്ന സംസ്ഥാനത്തിന്റെ ആവശ്യം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചത് നേട്ടമാണ്. കേരളം ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അത് സാധ്യമായത്. കേരളത്തിന്റെ ലോട്ടറിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ രതിഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പ്പനചെയ്തത്. സത്യപാല്‍ ശ്രീധറാണ് ലോഗോ രൂപകല്പ്പന ചെയ്തത്. മാസ്‌കറ്റിന്റെ ടര്‍ബോ രൂപം ശില്‍പി ജിനനും ഡിഅനിമേഷന്‍ സി ഡിറ്റിലെ സുധീര്‍ പി, യുസഫുമാണ് തയാറാക്കിയത്. ലോട്ടറി വകുപ്പിനായി രണ്ടു പരസ്യ ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്.

ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റര്‍ എബ്രഹാം റെന്‍, ഭാഗ്യക്കുറി ക്ഷേമനിധിര്‍ഡ് ചെയര്‍മാന്‍ സുബൈര്‍, ജോയിന്റ് ഡയറക്റ്റര്‍മാരായ മനോജ്, മായാപിള്ള, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു.