ലക്ഷ്യം 7.4 % സാമ്പത്തിക വളർച്ച

Posted on: February 28, 2015

Budjet-big

ന്യൂഡൽഹി : വികസനത്തിന് ഊന്നൽ നൽകി 7.4 ശതമാനം വളർച്ചാനിരക്ക് ലക്ഷ്യമിടുന്ന നരേന്ദ്രമോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ചു.

2022 ൽ എല്ലാവർക്കും വീട്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമായി വർധിപ്പിച്ചു. ധനക്കമ്മി 2017 ൽ 3 ശതമാനമായി കുറയ്ക്കും. സബ്‌സിഡി നഷ്ടം ഇല്ലാതാക്കും. ആഭ്യന്തരകടവും വിദേശകടവും പുതിയ ഏജൻസിയുടെ കീഴിലാക്കും. ജൻധൻ യോജന പോസ്‌റ്റോഫീസുകളിലേക്ക് വ്യാപിപ്പിക്കും. മേക്ക് ഇൻ ഇന്ത്യ, സ്വച്ഛഭാരത് പദ്ധതികൾക്ക് ബജറ്റിൽ മുഖ്യപരിഗണന നൽകി.

ഇന്ത്യയിൽ നിർമ്മിക്കുന്ന ലെതർ ചെരിപ്പുകൾക്ക് വില കുറയും. അതേസമയം സിഗരറ്റ്, പാൻമസാല എന്നിവയുടെ വില കൂടും.

ആദായനികുതി

വ്യക്തികൾക്ക് 4,44,200 രൂപ വരെ വാർഷിക ആദായനികുതി ഇളവ്. അതിസമ്പന്നരായ പൗരൻമാർക്ക് രണ്ട് ശതമാനം ആദായനികുതി സർചാർജ്ജ്. സ്വത്ത് നികുതി വേണ്ടെന്നു വച്ചു. ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി ഇളവ് 25,000 രൂപയായി വർധിപ്പിച്ചു. യാത്ര അലവൻസ് നികുതി പരിധി 800 രൂപയിൽ നിന്ന് 1600 രൂപയായി വർധിപ്പിച്ചു. സ്വച്ഛഭാരത്, ഗംഗ ശുചീകരണ പദ്ധതികൾക്കുള്ള സംഭാവനകൾക്ക് നികുതി ഇളവ്.

ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കി. ബിനാമി ഇടപാടുകൾക്ക് എതിരെ കർശന നടപടി. കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പുതിയ നിയമം. പിടിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ശിക്ഷ.

മറ്റ് നികുതി നിർദേശങ്ങൾ

2016 ഏപ്രിൽ മുതൽ ചരക്കു സേവനനികുതി പ്രാബല്യത്തിൽ വരും. 22 ഇനങ്ങൾക്ക് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചു. കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കും. സേവന നികുതി 14 ശതമാനമാക്കി. സാങ്കേതി സേവന നികുതി 15 ശതമാനമായി കുറച്ചു.

കൃഷി

കാർഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി രൂപ വായ്പ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. കാർഷിക ജലസേചനത്തിന് 5,300 കോടി രൂപ. കർഷകരുടെ വരുമാനം കൂട്ടാൻ ദേശീയ കർഷക വിപണി.

തൊഴിൽ

ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും ജോലി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനാവത്തവർക്കും ജോലി. തൊഴിലുറപ്പ് പദ്ധതി തുടരും. ന്യൂനപക്ഷങ്ങൾക്കായി നയീ മൻസിൽ എന്ന തൊഴിൽ പദ്ധതി. ഇപിഎഫിൽ ജീവനക്കാരുടെ വിഹിതം നിർബന്ധമില്ല.

സംരംഭം

സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് 1000 കോടി. ചെറുകിട സംരംഭകർക്കായി മുദ്ര ബാങ്ക് തുടങ്ങും. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ രൂപീകരിക്കും. ഇഎസ്‌ഐ, പിഎഫ് നിയമങ്ങളിൽ ഭേദഗതി വരുത്തും.

സാമൂഹ്യസുരക്ഷ

പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന നടപ്പാക്കും. 12 രൂപ പ്രീമിയത്തിൽ എല്ലാവർക്കും ഇൻഷുറൻസ് സംരംക്ഷണം. മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ പേരിൽ അടൽ പെൻഷൻ യോജന തുടങ്ങും. ഈ പദ്ധതിയിൽ 50 ശതമാനം തുക സർക്കാർ അടയ്ക്കും. പാവപ്പെട്ട മുതിർന്ന പൗരൻമാർക്ക് പ്രത്യേക പദ്ധതി. നിർഭയ ഫണ്ടിന് 1000 കോടി രൂപ. കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി. അഞ്ച് കിലോമീറ്ററിനുള്ളിൽ ഹയർസെക്കൻഡറി സ്‌കൂളുകൾ സ്ഥാപിക്കും.

ആരോഗ്യം

ജമ്മുകാഷ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽസയൻസസ് (എയിംസ്) സ്ഥാപിക്കും. തിരുവനന്തപുരത്തെ നിഷ് സർവകലാശാലയാക്കും.

അടിസ്ഥാനസൗകര്യം

രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 70,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനായി നികുതിരഹിത ബോണ്ട് പുറത്തിറക്കും. ഒരു ലക്ഷം കിലോമീറ്റർ റോഡ് നിർമ്മിക്കും. 20,000 ഗ്രാമങ്ങളിൽ സൗരോർജ്ജത്തിലൂടെ വെളിച്ചം എത്തിക്കും. 4000 മെഗാവാട്ടിന്റെ നാല് ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കും. പൊതുമേഖലാ തുറമുഖങ്ങൾ പങ്കാളിത്തത്തിലേക്ക്. കൂടംകുളം ആണവനിലയത്തിന്റെ രണ്ടാംഘട്ടം ഈ വർഷം കമ്മീഷൻ ചെയ്യും.

പ്രതിരോധം

പ്രതിരോധ മേഖലയ്ക്ക് 2,46,747 കോടി രൂപ മാറ്റിവച്ചു. പ്രതിരോധ ഉപകരണ നിർമാണ മേഖലയിലും മേക്ക് ഇൻ ഇന്ത്യ നടപ്പാക്കും.

ഓഹരിവിപണി

ഫോർവേഡ് മാർക്കറ്റ്‌സ് കമ്മീഷനും (എഫ് എം സി) സെബിയും (സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യും തമ്മിലുള്ള ലയനം വൈകാതെ നടപ്പാക്കും. ഓഹരിവിപണി നിയന്ത്രണത്തിന് പുതിയ സംവിധാനം നിലവിൽ വരും.

സ്വർണം

സ്വർണനിക്ഷേപത്തിന് പലിശ ഏർപ്പെടുത്തി. ബാങ്കുകളിൽ സ്വർണം നിക്ഷേപമായി സ്വീകരിച്ച് പലിശ നൽകുന്നതാണ് പദ്ധതി. അശോകചക്ര മുദ്രയുള്ള സ്വർണനാണയങ്ങൾ പുറത്തിറക്കും. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ മാറ്റമില്ല.

ടൂറിസം

ഇ വിസ 115 രാജ്യങ്ങളിലെ പൗരൻമാർക്കായി വിപുലീകരിക്കും. പൈതൃക നഗരങ്ങളിൽ വിനോദസഞ്ചാരവികസനത്തിന് പ്രത്യേക പദ്ധതി.