അദാനി എന്റര്‍പ്രൈസസ് ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ 20,000 കോടി സമാഹരിക്കുന്നു

Posted on: January 19, 2023

മുംബൈ : അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്(എഇഎല്‍) ഓഹരി വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കുന്നു. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ(എഫ്പിഒ) 20,000 കോടി രൂപയാണ് സമാഹരിക്കുന്നത്.

എഫ്പിഒ 27ന് ആരംഭിച്ച് 31ന് അവസാനിക്കും. 3,112-3,276 രൂപ നിരക്കിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ അദാനിഎന്റര്‍പ്രൈസസിന്റെ 3,596.70 രൂപയാണ്.

ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍, എയര്‍പോര്‍ട്ടുകള്‍, ഗ്രീന്‍ ഫീല്‍ഡ് എക്‌സ് പ്രസ് വേ എന്നിവയ്ക്കായാണ് 10,869 കോടി രൂപ ഉപയോഗിക്കുക. ബാക്കി 4,165 കോടി സബ്‌സിഡിയറികളായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ട്, മുന്‍ സോളര്‍ എന്നിവയുടെ കടം വീട്ടാനും വിനിയോഗിക്കും.

ഗ്രീന്‍ ഹൈഡജന്‍ ഉത്പാദനത്തിനായി അടുത്ത 10 വര്‍ഷം കൊണ്ട് 5000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും ഓഹരികള്‍ ഇഷ്യുചെയ്യുന്ന പ്രക്രിയയാണ് ഫോളോഓണ്‍ പബ്ലിക് ഓഫര്‍ (എഫിഒ). റൈറ്റ്‌സ് ഇഷ്യു അഥവാ അവകാശ ഓഹരികള്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് മാത്രമായാണ് അനുവദിക്കുന്നതെങ്കില്‍ എഫ്പിയ്ക്ക് പൊതുജനങ്ങള്‍ക്കും അപേക്ഷിക്കാം.