ഏറ്റവും മൂല്യമുള്ള രാജ്യത്തെ 10 കമ്പനികളുടെ പട്ടികയില്‍ അദാനി എന്റര്‍പ്രൈസസ്

Posted on: November 8, 2022

മുംബൈ: ഏറ്റവും മൂല്യമുള്ള രാജ്യത്തെ 10 കമ്പനികളുടെ പട്ടികയില്‍ അദാനി എന്റര്‍പ്രൈസസ്. വിപണി മൂല്യത്തില്‍ അദാനി എന്റര്‍പ്രൈസസ് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 10-ാമതാണ്.

4,51,571,54 കോടി രൂപയാണ് വിപണി മൂല്യം. ഐടിസിയെയാണ് അദാനി പിന്തള്ളിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാമത്. 17,63,157,48 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മുല്യം, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള കമ്പനികള്‍.

ബിഎസ്ഇയില്‍ 3,840 രൂപയ്ക്ക് ഇന്നലെ വ്യാപാരം ആരംഭിച്ച അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 4,015ല്‍ എത്തി. 128.80 രൂപ, അഥവാ 3.36 ശതമാനം ഉയര്‍ന്ന് 3,961.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇക്കൊല്ലം അദാനി ഓഹരികള്‍ ഉയര്‍ന്നത് 130.76 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 460,94 കോടി രൂപയായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 212.41 കോടി രൂപയായിരുന്നു.