പ്രമുഖ പ്രവാസി മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

Posted on: October 3, 2022

കൊച്ചി : പ്രമുഖ പ്രവാസി മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്ലസ് രാമചന്ദ്രന്‍, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു. വൈശാലി എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായതോടെ വൈശാലി രാമചന്ദ്രന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.

ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്‌ലസ് ജ്യുവലറിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്‌ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ചു.

തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്. പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. ദുബായില്‍ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വര്‍ദ്ധിപ്പിച്ചു.