ഫ്‌ളിപ്കാർട്ടിന് 50,000 കോടി വിറ്റുവരവ് ലക്ഷ്യം

Posted on: February 12, 2015

Sachin-Bansal-&--Binny-Bans

മുംബൈ : ഫ്‌ളിപ്കാർട്ട് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ (8 ബില്യൺ ഡോളർ) വിറ്റുവരവ് ലക്ഷ്യമിടുന്നതായി സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും പറഞ്ഞു. നാല് ബില്യൺ ഡോളർ (25,000 കോടി രൂപ) ആണ് ഇപ്പോഴത്തെ വിറ്റുവരവ്. രണ്ടാം സ്ഥാനത്തുള്ള സ്‌നാപ്ഡീലിന് മൂന്ന് ബില്യൺ ഡോളറും ആമസോണിന് ഒരു ബില്യൺ ഡോളറുമാണ് ഇപ്പോഴത്തെ വിറ്റുവരവ്.

കഴിഞ്ഞ ഒക്ടോബർ 6 ന് ബിഗ് ബില്യൺ ഡേ ഓഫറിലൂടെ ഒറ്റ ദിവസം 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഫ്‌ളിപ്കാർട്ട് വിറ്റഴിച്ചിരുന്നു. 2007 ൽ ആരംഭിച്ച ഫ്‌ളിപ്കാർട്ടിന് 27 ദശലക്ഷം രജിസ്റ്റേർഡ് ഇടപാടുകാരുണ്ട്. പ്രതിദിനം 80 ലക്ഷത്തിൽ അധികം പേരാണ് ഫ്‌ളിപ്കാർട്ട് വെബ്‌സൈറ്റ് സന്ദർശിക്കുന്നത്. സിംഗപ്പൂരിൽ ഇൻകോർപറേറ്റ് ചെയ്ത ഫ്‌ളിപ്കാർട്ട് പബ്ലിക്ക്‌ലിമിറ്റഡ് കമ്പനിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി, ടൈഗർ ഗ്ലോബൽ, ഡി എസ് ടി ഗ്ലോബൽ തുടങ്ങിയ പ്രമുഖ നിക്ഷേപസ്ഥാപനങ്ങളെല്ലാം ഫ്‌ളിപ്കാർട്ടിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.