എയര്‍ഏഷ്യയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ അനുമതി

Posted on: June 15, 2022

മുംബൈ : എയര്‍ഏഷ്യ ഇന്ത്യയെ പൂര്‍ണമായി ഏറ്റെടുക്കാന്‍ എയര്‍ഇന്ത്യക്ക് മത്സര കമ്മിഷന്‍ (കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. നിലവില്‍ എയര്‍ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരികളാണ് ടാറ്റാ സണ്‍സിന്റെ കൈവശമുള്ളത്. ഇതിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 15.70 ശതമാനമായി ഉയരും.

എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നില്ല. ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനം നല്‍കുന്നത്.

2020 ഡിസംബറിലാണ് ടാറ്റാ സണ്‍സ് എയര്‍ഏഷ്യ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 83.67 ശതമാനമായി ഉയര്‍ത്തിയത്. മത്സര കമ്മിഷന്റെ അനുമതി ലഭിച്ചതോടെ എയര്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് മലേഷ്യന്‍ എയര്‍ലൈന്‍ ഗ്രൂപ്പായ എയര്‍ ഏഷ്യ ബെര്‍ഹാഡില്‍നിന്ന് ബാക്കിയുള്ള 16.33 ശതമാനം ഓഹരികള്‍ വാങ്ങും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതോടെ എയര്‍ ഇന്ത്യ ഇന്ത്യ ടാറ്റാ സണ്‍സിന്റെയും എയര്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായി മാറും. തുടര്‍ന്ന് എയര്‍ ഏഷ്യ ഇന്ത്യ ആഭ്യന്തര – ചരക്കു സേവനങ്ങളും ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് സേവനങ്ങളും നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

TAGS: Air Asia |