കര്‍ണാടകയിലും, തെലങ്കാനയിലും നിക്ഷേപം നടത്താന്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച് ലുലു ഗ്രൂപ്പ്

Posted on: May 25, 2022

ദാവോസ് : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ ഭക്ഷ്യസംസ്‌കരണം, ഷോപ്പിംഗ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളില്‍ മുതല്‍മുടക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച ധാരണാപത്രങ്ങളില്‍ ലുലു ഗ്രൂപ്പും സംസ്ഥാനങ്ങളും ഒപ്പുവെച്ചു.

കര്‍ണാടകയിലെ രണ്ടാംനിര (ടയര്‍ 2) നഗരങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവ തുടങ്ങുന്നതിനായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ദാവോസില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു, യൂസഫലിയുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് അത്യാധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നതിന് 500 കോടി രൂപ നിക്ഷേപിക്കാനും ധാരണയായി.

TAGS: Lulu Group |