ലുലു ഗ്രൂപ്പ് ഗുജറാത്തിൽ 2,000 കോടിയുടെ നിക്ഷേപം നടത്തും

Posted on: December 13, 2021

 

ദുബായ് : ഇന്ത്യയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പ് ഗുജറാത്തില്‍
മുതല്‍മുടക്കുന്നു. 2,000 കോടി രൂപ നിക്ഷേപത്തില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ്കുമാര്‍ ഗുപ്തയും ഒപ്പുവെച്ചു.

അടുത്ത വര്‍ഷാരംഭത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലുഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഷോപ്പിംഗ് മാള്‍ കൂടാതെ ബറോഡ, സൂറത്ത് എന്നിവിടങ്ങളില്‍ ഭക്ഷ്യസംസരണ-സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

എഴുപതുകളുടെ തുടക്കത്തില്‍ തന്റ കച്ചവടജീവിതം ആരംഭിച്ച് ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യോഗത്തിനിടെ യൂസഫലി ഗുജറാത്ത് മുഖ്യന്ത്രിയോട് പറഞ്ഞു.

ഗുജറാത്തിന്റെ വാണിജ്യരംഗത്ത് പുതിയ ഒരു അനുഭവമായിരിക്കും ലുലു മാള്‍ നല്‍കുകയെന്നും യൂസ
ഫലി കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കുന്ന ‘വൈഇന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി, യൂസഫലിയെ യോഗത്തില്‍വച്ച് ക്ഷണിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍, അഡീഷണല്‍ ചീഫ്
സെക്രട്ടറി രജീവ്കുമാര്‍ ഗുപ്ത, ലുലുഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.
അഷ്‌റഫ് അലി, സി.ഒ.ഒ വി.ഐ. സലീം ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.വി. ആനന്ദ് റാം, എം.എ. സലീം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.