കൽക്കരിപ്പാടം കുമാർമംഗളം ബിർളയ്‌ക്കെതിരെ കേസ്

Posted on: October 15, 2013

Kumar-Mangalam-Birlaകൽക്കരിപ്പാടം അഴിമതിക്കേസിൽ ആദിത്യബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയ്ക്ക് എതിരെ സിബിഐ എഫ്‌ഐആർ ഫയൽചെയ്തു. കൽക്കരി മന്ത്രാലയം മുൻസെക്രട്ടറി പി.സി. പരേഖ് ബിർളാ ഗ്രൂപ്പിന്റെ അലുമിനിയം കമ്പനിയായ ഹിൻഡാൽകോ, പൊതുമേഖലാ സ്ഥാപനമായ നാൽകോ എന്നിവയ്‌ക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹിൻഡാൽകോയുടെ മുംബൈ, ഹൈദരാബാദ്, ഭുവനേശ്വർ, കോൽക്കത്ത ഓഫീസുകളിൽ സിബിഐ റെയ്ഡു നടത്തി. കുമാർ മംഗളം ബിർളയെ ഉടൻ ചോദ്യം ചെയ്യുമെന്ന് സിബിഐ കേന്ദ്രങ്ങൾ അറിയിച്ചു. 2005 ൽ ഒഡീഷയിലെ ജാർസുഗുഡ ജില്ലയിൽ ടാൽബ്രിയ കോൾ ബ്ലോക്ക് ഹിൻഡാൽകോയ്ക്കു വഴിവിട്ട് അനുവദിച്ചുവെന്നാണ് കേസ്.

2005 മുതൽ 2009 വരെയുള്ള കാലയളവിൽ 68 കൽക്കരി പാടങ്ങളാണ് ഗവൺമെന്റ് വിതരണം ചെയ്തത്. കൽക്കരിപ്പാടങ്ങളുടെ വിതരണം ഗവൺമെന്റിനു 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് അന്വേഷണം നടത്തിയ സിബിഐ വിതരണത്തിലെ ക്രമക്കേടുകൾക്കെതിരെ 14 പ്രഥമവിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി ദാസരി നാരായണറാവു, കോൺഗ്രസ് എംപി നവീൻ ജിൻഡാൽ എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.