ഇന്ത്യൻ ഓയിലിന്റെ 10 ശതമാനം ഓഹരികൾ സർക്കാർ വിൽക്കുന്നു

Posted on: January 17, 2015

Indian-Oil-Corpration-fuel-

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 10 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഓഹരിവില്പനയിലൂടെ 8,150 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐഒസി യിലെ സർക്കാരിന്റെ ഓഹരിപങ്കാളിത്തം 68.57 ശതമാനത്തിൽ നിന്ന് 10 ശതമാനം കുറയ്ക്കാനാണ് ഡിസ്ഇൻവെസ്റ്റ്‌മെന്റ് വകുപ്പ് സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിക്കു നൽകിയിട്ടുള്ള ശിപാർശ.

ഐഒസിയുടെ 24.7 കോടി ഓഹരികളാണ് ഗവൺമെന്റ് കൈയൊഴിയുന്നത്. 2014-15 ൽ ഓഹരിവില്പനയിലൂടെ മൊത്തം 43,425 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നേരത്തെ സെയിലിന്റെ 5 ശതമാനം ഓഹരികൾ വിറ്റ് 1,700 കോടി രൂപ നേടിയിരുന്നു. ഒഎൻജിസിയുടെ 5 ശതമാനം ഓഹരി വില്പനയിലൂടെ 17,000-18,000 കോടി രൂപയാണ് കേന്ദ്രസർക്കാരിന്റെ അടുത്ത ലക്ഷ്യം. വൈകാതെ എൻഎച്ച്പിസി, കോൾ ഇന്ത്യ എന്നിവയുടെ ഓഹരികളും വിറ്റഴിച്ചേക്കും.