ബിഗ് ബാസ്‌കറ്റിനെ ഏറ്റെടുക്കാന്‍ ടാറ്റയ്ക്ക് കോംപറ്റീഷന്‍ കമ്മിഷന്‍ അനുമതി

Posted on: April 30, 2021

മുംബൈ: മലയാളിയും മെട്രോമാന്‍ ഇ. ശ്രീധരന്റെ മരുമകനുമായ ഹരി മേനോന്റെ നേതൃത്വത്തില്‍ ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വ്യാപാര സംരംഭമായ ബിഗ്ബാസ്‌കറ്റിനെ ഏറ്റെടുക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിക്ക് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ.) അനുമതി നല്‍കി.

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ ഡിജിറ്റല്‍ 9,300 കോടി രൂപ ചെലവില്‍ ബിഗ് ബാസ്‌കറ്റിന്റെ ബിസിനസ് ടു ബിസിനസ് യൂണിറ്റായ സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസ് ലിമിറ്റഡിന്റെ (എസ്.ജി.എസ്.) 64.3 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്. ഇതുവഴി ബിഗ് ബാസ്‌കറ്റിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസ് നിയന്ത്രിക്കുന്ന ഇന്നവേറ്റീവ് റീട്ടെയില്‍ കണ്‍സപ്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണവും ടാറ്റയ്ക്കു ലഭിക്കും. ഏറ്റെടുക്കലിനു ശേഷവും ഹരി മേനോന്‍ കമ്പനിയുടെ സി.ഇ.ഒ. ആയി തുടര്‍ന്നേക്കും.

26 നഗരങ്ങളില്‍ സാന്നിധ്യമുള്ള, ഏകദേശം 13,500 കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കമ്പനിയാണ് ബിഗ് ബാസ്‌കറ്റ്. ഓണ്‍ലൈന്‍ പലചരക്കുവ്യാപാര രംഗത്തേക്ക് ശക്തമായി കടന്നുവരാന്‍ ഏറ്റെടുക്കലിലൂടെ ടാറ്റ ഗ്രൂപ്പിന് കഴിയും.

2011 ഡിസംബറില്‍ വി.എസ്. സുധാകര്‍, വിപുല്‍ പരേഖ്, അഭിനയ് ചൗധരി, വി.എസ്. രമേഷ് എന്നിവരുമായി ചേര്‍ന്നാണ് ഹരി മേനോന്‍ ബെംഗളൂരുവില്‍ ബിഗ് ബാസ്‌കറ്റിനു തുടക്കമിട്ടത്. ചൈനീസ് കമ്പനിയായ ആലിബാബയുടെ 29 ശതമാനത്തോളം ഓഹരികളും അബ്രാജ് ഗ്രൂപ്പില്‍നിന്ന് ഓഹരികള്‍ വാങ്ങിയ ആക്ടിസ് എല്‍.എല്‍.പി.യുടെ കൈവശമുള്ള 18.05 ശതമാനം ഓഹരികളും ടാറ്റഗ്രൂപ്പ് പൂര്‍ണമായി ഏറ്റെടുക്കും.

TAGS: Tata |