ഇന്ത്യ രണ്ടക്ക വളർച്ച നേടുമെന്ന് മൂഡീസ്

Posted on: April 14, 2021


കൊച്ചി : കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ ബാധിക്കുമെങ്കിലും ഈ വര്‍ഷം രണ്ടക്ക വളര്‍ച്ച സാധ്യമാണെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ‘മൂഡീസ്’.

രണ്ടാം വ്യാപനം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണം കുറവാണ്. മാത്രമല്ല, ഇന്ത്യയില്‍ ചെറുപ്പക്കാര്‍ കൂടുതലാണ്. ഇത് രണ്ടും നഷ്ടസാധ്യത കുറയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും. ഈ വര്‍ഷം ഇന്ത്യ 12 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷം 13.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഫെബ്രുവരിയിലെ പ്രവചനം.

കോവിഡ് വ്യാപനം തടയാനായി 2020 മാര്‍ച്ചില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടതുമൂലം 2020-21 സാമ്പത്തിക വര്‍ഷം എട്ടു ശതമാനം ഇടിവ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാകുമെന്നാണ് അനുമാനം.

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാണെങ്കിലും രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും വന്‍തോതില്‍ വാക്സിന്‍ ലഭ്യമാക്കുന്നതും തകര്‍ച്ചയുടെ തോത് കുറയ്ക്കും. അതേസമയം, രണ്ടാം വ്യാപനം ശക്തമായതോടെ സാമ്പത്തിക ഇടപാടുകളിലും വിപണി മനോഭാവത്തിലും ഇടിവുണ്ടാകുമെന്ന് മൂഡീസ് വിലയിരുത്തുന്നു.