വളര്‍ച്ചനിരക്ക് 2.5 ശതമാനമായി കുറയുമെന്ന് മൂഡീസ്

Posted on: March 28, 2020

കൊച്ചി : ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ 2020 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം 2.50 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ 5.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനമാണ് വളര്‍ച്ച അനുമാനം കുറയ്ക്കാന്‍ കാരണം.

രാജ്യത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് ബിസിനസുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും താത്കാലികമായ തൊഴിലില്ലായ്മ ഇതുകാരണം ഉണ്ടാകുമെന്നും മൂഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ അനുമാനവും മൂഡീസ് കുറച്ചിട്ടുണ്ട്. 2020 ല്‍ ആഗോള വളര്‍ച്ച 0.50 ശതമാനം ഇടിയുമെന്നാണ് മുഡീസിന്റെ വിലയിരുത്തല്‍. നേരത്തെ, ആഗോള വളര്‍ച്ച 2.6 ശതമാനമായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2021 ല്‍ വളര്‍ച്ച 3.2 ശതമാനമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.