കോഴിക്കോട്ടും കോട്ടയത്തും പുതിയ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

Posted on: December 24, 2020

ദുബായ് : പ്രതിസന്ധി സൃഷ്ടിച്ച 2020- ലും 27 പുതിയ പ്രോജക്ടുകള്‍ ലുലു ഗ്രൂപ്പ് പൂര്‍ത്തിയാക്കിയതായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു. ഓണ്‍ലൈന്‍ വില്പനയില്‍ ലുലുവിന് 200 ശതമാനം വര്‍ധനയുണ്ടായി. അത് 500 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 60,000 ആയി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ 70,000ത്തിലധികം ജീവനക്കാര്‍ ആകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും തന്റെ സഹപ്രവര്‍ത്തകരായ 57,600-ല്‍ 30,000ത്തിലധികം വരുന്നവര്‍ മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു.

യു.കെയില്‍ വൈറസ് വകഭേദം പ്രത്യക്ഷപ്പെടുകയും അതിവേഗം വ്യാപിക്കുമെന്ന മുന്നറിയിപ്പും ഇപ്പോള്‍ എല്ലാവരിലും നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതിനിടെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ സംസ്‌കാര സമ്പന്നരാണ് കൂടുതലുള്ളതെങ്കിലും ഒരു ചെറിയ വിഭാഗം വ്യക്തിഹത്യക്ക് ഒരുങ്ങിയിരിക്കുകയാണ്.

തനിക്കെതിരെ ആര് കുപ്രചാരണം നടത്തിയാലും തന്നെയറിയുന്നവര്‍ അത് തള്ളിക്കളയുകതന്നെ ചെയ്യും. കേരളത്തില്‍ ഇനിയും വ്യവസായവും വികസനവും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും കോഴിക്കോട്ടും കോട്ടയത്തും പുതിയ നിക്ഷേപ പദ്ധതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോയ്ഡയില്‍ കോള്‍ഡ് സ്റ്റോറും ലോജിസ്റ്റിക് സെന്ററും സ്ഥാപിക്കും. കേരളത്തിലെത്തുന്ന പ്രവാസികളുടെ ക്വാറന്റീനുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളും ആരോഗ്യ അധികൃതരും നിര്‍ദേശിക്കുന്ന കാര്യങ്ങളാണ് നാം അനുസരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

TAGS: Lulu Group |