എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് താത്പര്യപത്രം സമർപ്പിച്ചു

Posted on: December 15, 2020

ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റാഗ്രൂപ്പ് രംഗത്ത് അതിനുള്ള താത്പര്യപത്രം ടാറ്റാ സണ്‍സ് കമ്പനി സമര്‍പ്പിച്ചതായാണു വിവരം. എയര്‍ ഇന്ത്യവാങ്ങാന്‍ താത്പര്യമുള്ളവര്‍ അക്കാര്യം അറിയിക്കേണ്ട അവസാന ദിവമായിരുന്നു ഇന്നലെ. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താത്പര്യ പത്രം സമര്‍പ്പിച്ചു. വിദേശ നിക്ഷേപകരുടെ ബലത്തിലാണ് ഇവര്‍ എയര്‍ ഇന്ത്യക്കായി വില പറയുന്നത്. ഹിന്ദുജ ഗ്രൂപ്പ്, യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനി എന്നിവയും എയര്‍ ഇന്ത്യയില്‍ താത്പര്യമറിയിച്ചിരുന്നു.

താത്പര്യപത്രം സമര്‍പ്പിച്ചവരുടെ പട്ടിക കേന്ദ്ര വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. താത്പര്യപത്രം സമര്‍പ്പിച്ചവര്‍ തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച രേഖകള്‍ 28 ന് അകം നല്‍കണം. തുടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള കമ്പനികളുടെ പട്ടിക ജനുവരി 3 നു പുറത്തിറക്കും. എയര്‍ ഏഷ്യ ഇന്ത്യയുടെ പേരിലാണു ടാറ്റാ സണ്‍സ് താത്പര്യപത്രം തയാറാക്കിയത്.

ഇന്ത്യയില് വിമാന സര്‍വീസ് നടത്തുന്ന എയര്‍ ഏഷ്യയില്‍ 51 ശതമാനം ഓഹരി ടാറ്റാ ഗ്രൂപ്പിന്റേതാണ്. 1932 ല്‍ ടാറ്റാ സണ്‍സ് ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സ് ആണ് 1946 ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ വിമാന കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു.

TAGS: Air India | Tata Group |