ടാറ്റാ ഗ്രൂപ്പ് എയർ ഏഷ്യയിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കാനൊരുങ്ങുന്നു

Posted on: December 1, 2020

മുംബൈ : എയര്‍ ഏഷ്യ ഇന്ത്യയില്‍ ഓഹരി പങ്കാളിത്തം 76 ശതമാനം വരെയായി ഉയര്‍ത്തുന്നതു പരിഗണിച്ച് ടാറ്റാ സണ്‍സ്. മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ ബെര്‍ഹാഡിന് എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 51 ശതമാനം ടാറ്റായുടേതും. ഇന്ത്യന്‍ സംരംഭത്തില്‍ ഇനി നിക്ഷേപം
നടത്തുന്നതു പുനഃപരിശോധിക്കുമെന്ന് എയര്‍ ഏഷ്യ ബെര്‍ഹാഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ടാറ്റാ കമ്പനിയെ ഏറ്റെടുക്കുന്നത് പരിഗണിച്ചുവരുന്നത്.

എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റാ സണ്‍സ് ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങള്‍ വഴി 650 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ മുന്നാട്ടു പോകുന്നത്. ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഈ കടപ്പത്രങ്ങള്‍ ടാറ്റാ ഓഹരിയാക്കി മാറ്റുമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് എയര്‍ ഏഷ്യ ജപ്പാന്‍ അടുത്തിടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഓഹരിപങ്കാളിത്തം കൂട്ടിക്കഴിഞ്ഞാല്‍ കമ്പനിയുടെ പേരുമാറ്റുന്നതും ടാറ്റായുടെ പരിഗണനയിലുണ്ട്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതും ടാറ്റയുടെ സജീവ പരിഗണനയിലുണ്ട്. ഇതുവിജകരമായാല്‍ എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ
ശേഷം എയര്‍ ഏഷ്യ ഇന്ത്യ ഇതുവരെ ലാഭം രേഖപ്പെടുത്തിയിട്ടില്ല.

TAGS: Air Asia |