രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ് ബാങ്ക്

Posted on: November 13, 2020

മുംബൈ : സാങ്കേതികമായി രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നതായി സൂചന നല്‍കി റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട്. ആര്‍.ബി.ഐ.യുടെ സാമ്പത്തികപ്രവര്‍ത്തന സൂചികപ്രകാരം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി. വളര്‍ച്ചയില്‍ 8.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് ആര്‍.ബി.ഐ. കണക്കാക്കുന്നത്.

തുടര്‍ച്ചയായി രണ്ടുപാദങ്ങളില്‍ സാമ്പത്തികവളര്‍ച്ച പൂജ്യത്തിനും താഴെയാകുമ്പോഴാണ് ഒരു രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായെന്നു പറയുക.

ജൂണിലവസാനിച്ച ആദ്യപാദത്തില്‍ ഇന്ത്യയിലെ ജി.ഡി.പി. വളര്‍ച്ച 24 ശതമാനം താഴേക്കായിരുന്നു. രണ്ടാം പാദത്തില്‍ ഇത് 8.6 ശതമാനം ഇടിയുമെന്നാണ് ആര്‍.ബി.ഐ. വിലയിരുത്തല്‍. പണവായ്പാനയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം പുറത്തിറക്കിയ ‘നൗകാസ്റ്റ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഈസാഹചര്യത്തിലാണ് രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തിലാണെന്നു പറയുന്നത്.

 

TAGS: RBI |