മൊബിലിറ്റി സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് മാരുതി സുസുക്കി

Posted on: August 22, 2020

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി മൊബിലിറ്റി സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഐഐഎം ബംഗലുരുവുമായി ധാരണയിലെത്തി. ബിഗ് ഡാറ്റാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലുള്ള പ്രഫഷണലുകൾക്ക് ഗതാഗതരംഗം മെച്ചപ്പെടുത്താനുള്ള നൂതന ആശയങ്ങൾ അവതരിപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രീ ഇൻകുബേഷൻ, ഇൻകുബേഷൻ തലങ്ങളിൽ മാരുതിയുടെ സഹായം ലഭിക്കും.

ബംഗലുരു ഐഐഎമ്മിലെ സ്റ്റാർട്ടപ്പ് ഹബ്, ഇൻകുബേഷൻ സെന്റർ സൗകര്യങ്ങൾ സംരംഭകർക്ക് പ്രയോജനപ്പെടുത്താം. മാരുതി സുസുക്കി കഴിഞ്ഞവർഷം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ മൊബിലിറ്റി ആൻഡ് ഓട്ടോമൊബൈൽ ഇന്നോവേഷൻ ലാബ് അവതരിപ്പിച്ചിരുന്നു.

പുതിയ സഹകരണം ഭാവിയിൽ ഗതാഗതരംഗത്തുണ്ടായേക്കാവുന്ന പ്രശ്‌നങ്ങകൾക്കുള്ള പരിഹാരമാർഗങ്ങൾ മാത്രമല്ല തൊഴിലവസരങ്ങളും ഗണ്യമായി വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു.