ഇന്ത്യയുടെ വളർച്ചയ്ക്ക് ആത്മ നിർഭർ ഭാരത് അനിവാര്യമെന്ന് പ്രധാനമന്ത്രി

Posted on: August 15, 2020

ന്യൂഡൽഹി : ലോകത്തിന് വേണ്ടി ഇന്ത്യയിൽ നിർമിക്കുക എന്ന നിർമിക്കുക എന്ന ശൈലി പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

ലോകം വളരണമെങ്കിൽ ഇന്ത്യയും വളർച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവർ. ഇന്ത്യ സ്വശ്രായത്വത്തിനുള്ള പ്രയാണത്തിലാണ്. ആത്മ നിർഭർ ഭാരത് ഒരു പ്രതിജ്ഞയാണ്. രാജ്യത്തെ 130 കോടി ജനങ്ങളുടെ മന്ത്രമാണ് ആത്മ നിർഭർ ഭാരതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആത്മ നിർഭർ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് തിരിച്ചറിയുന്നു. പക്ഷെ ലക്ഷക്കണക്കിന് വെല്ലുവിളികൾ ഉണ്ടെങ്കിൽ കോടിക്കണക്കിന് പരിഹാരങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രസംഗത്തിനിടെ 31 തവണ ആത്മനിർഭർ ഭാരത് എന്ന വാക്ക് അദേഹം ഉപയോഗിച്ചു.

രാജ്യത്തിന് വളർച്ചയുണ്ടാകണമെങ്കിൽ നാം മുന്നോട്ടുപോകണം. കഴിഞ്ഞ വർഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 18 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ലോകം ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഉത്പാദിപ്പിക്കുന്നതിന് ഒപ്പം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.