മുകേഷ് അംബാനി ലോക ശതകോടീശ്വരന്‍ന്മാരില്‍ ഒമ്പതാമന്‍

Posted on: June 23, 2020


മുംബൈ : ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ബ്ലൂംബെര്‍ഗിന്റെ കോടിപതികളുടെ പട്ടികയില്‍ 6450 കോടി ഡോളറിന്റെ (ഏകദേശം 4.90 ലക്ഷം കോടി രൂപ) സമ്പത്തുമായി ഫ്രാന്‍സിലെ ഫ്രാങ്കോസ് ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സ്, ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ലാരി എലിസണ്‍ എന്നിവരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനും മുകേഷ് തന്നെ.

നാലുമാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 2.13 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഓഹരി വില കൂടിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ഡോളറിന്റെ വിലയില്‍ കണക്കാക്കിയാല്‍ 15,000 കോടി ഡോളറിലെത്തി. അതായത്, 11.4 ലക്ഷം കോടി രൂപ. ഇതോടെ വിപണിമൂല്യത്തില്‍ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം റിലയന്‍സിന് സ്വന്തമായി. ഓഹരി വിലയിലെ മുന്നേറ്റം തുടര്‍ന്നാല്‍ വൈകാതെ ആദ്യ അമ്പതില്‍ ഇടം പിടിക്കാന്‍ ഈ ഇന്ത്യന്‍ കമ്പനിക്ക് കഴിയും. ജിയോ പ്ലാറ്റ്‌ഫോമില്‍ 11 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ 1.15 ലക്ഷം കോടിയുടെ നിക്ഷേപം ഇതില്‍ നിര്‍ണായകമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ 2021 മാര്‍ച്ചിനകം കടബാധ്യതയില്‍ നിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിലും ഏറെ നേരത്തേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു.