കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ്19 ; നിരീക്ഷണത്തിലുള്ളത് 1,26,839 പേർ

Posted on: June 18, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 97 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 89 പേർ രോഗമുക്തരായി. ഇവരിൽ 69 പേർ വിദേശത്തു നിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇന്ന് കോവിഡ് ബാധിച്ച് ഒരു മരണം സംഭവിച്ചു.

രോഗം സ്ഥിരീകരിച്ചവർ ജില്ലാ അടിസ്ഥാനത്തിൽ : പാലക്കാട് – 14, കൊല്ലം – 13, കോട്ടയം – 11, പത്തനംതിട്ട – 11, ആലപ്പുഴ – 9, എറണാകുളം – 6, തൃശൂർ – 6, ഇടുക്കി – 6, തിരുവനന്തപുരം – 5, കോഴിക്കോട് – 5, മലപ്പുറം – 4, കണ്ണൂർ – 4, കാസർഗോഡ് – 3.

ഇതേവരെ 2,794 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 1358 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 1,26,839 പേരാണ്. ഇന്ന് 190 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഹോട്ട്‌സപോട്ടുകളുടെ എണ്ണം 108 ആയി. 4817 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു.

വിദേശത്ത് നിന്ന് 2,79,767 പേർ സംസ്ഥാനത്ത് എത്തി. പ്രവാസികൾക്ക് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് കേരളം നൽകും. യുഎഇ, ഖത്തർ ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് പ്രയോജനപ്പെടും.

വർക്ക് ഫ്രം ഹോം തുടരണം. ഓഫീസ് മീറ്റിംഗും ഓൺലൈനാക്കണം. സർക്കാർ ഓഫീസുകളിൽ ചുരുങ്ങിയ ആളുകൾ മതി. പൊതുസ്ഥലങ്ങളിൽ പലരും ശാരീരക അകലം പാലിക്കുന്നില്ല. ജാഗ്രത കുറഞ്ഞിട്ടുണ്ടോയെന്ന് ജനങ്ങൾ സ്വയം വിലയിരുത്തണം. ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കാൻ സ്‌പെഷൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

വിമാനയാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. രോഗവ്യാപനം തടയാൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകും. വിശ്രമിക്കാൻ അവസരം ഒരുക്കും. ചികിത്സയ്ക്ക് വിരമിച്ച ഡോക്ടർമാരുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.