കേരളത്തിൽ വ്യാഴാഴ്ച 83 പേർക്ക് കോവിഡ്-19 ; ചികിത്സയിലുള്ളത് 1258 പേർ

Posted on: June 11, 2020

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച 83 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, പാലക്കാട് ജിലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 5 പേർക്കും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ 27 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 11, ഒമാൻ- 4, നൈജീരിയ- 4, കുവൈറ്റ്- 3, സൗദി അറേബ്യ- 2, റഷ്യ- 2, ജിബൂട്ടി -1, 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 20, ഡൽഹി- 7, തമിഴ്നാട്- 4, കർണാടക- 4, മധ്യപ്രദേശ്- 1, പശ്ചിമ ബംഗാൾ- 1) വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 10 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 5 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

കണ്ണൂർ ജില്ലയിൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പി.കെ. മുഹമ്മദ് (70) നിര്യാതനായി. മേയ് 22 ന് ഒമാനിൽ നിന്നും വന്ന ഇദ്ദേഹത്തിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 62 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗം സ്ഥിരീകരിച്ച 1258 പേരാണ് ഇനി ചികിത്സയിലുള്ളത്. 967 പേർ ഇതേവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,949 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,17,027 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1922 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5044 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,03,757 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2873 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 27,118 സാമ്പിളുകൾ ശേഖരിച്ചതിൽ 25,757 സാമ്പിളുകൾ നെഗറ്റീവ് ആയി.
പുതുതായി രണ്ട് ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി, ലക്കിടി പേരൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 35 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 133 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.