ജിയോയില്‍ വീണ്ടും വിദേശ നിക്ഷേപം

Posted on: June 6, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമില്‍ ആറാഴ്ചയ്ക്കിടെ ഏഴാമതും വിദേശ നിക്ഷേപം. ഇത്തവണ അബുദാബി ആസ്ഥാനമായുള്ള നിക്ഷേപക സംരംഭമായ മുബാറല ഗ്രൂപ്പ് 9093.60 കോടി രൂപയും സില്‍വര്‍ ലേക്ക് 4.546.80 കോടി രൂപയുമാണ് നിക്ഷേപിക്കുന്നത്.

ജിയോ പ്ലാറ്റ്‌ഫോമിന്റെ 1.85 ശതമാനം ഓഹരികള്‍ വാങ്ങിക്കൊണ്ടാണ് മുബാദല ഗ്രൂപ്പിന്റെ നിക്ഷേപം. സില്‍വര്‍ലേക്ക് 0.93 ശതമാനം ഓഹരികളാണ് ഇത്തവണ സ്വന്തമാക്കുന്നത്. ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പായി ജിയോ പ്ലാറ്റ്‌ഫോമില്‍ ആകെ വിദേശനിക്ഷേപം 92.20215 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനുകീഴിലുള്ള പുതുതലമുറ ടെക്‌നോളജിസംരംഭമാണ് ജിയോ പ്ലാറ്റ് ഫോംസ്. ഇതിന്റെ ഉപകമ്പനിയായ ജിയോ ഇന്‍ഫോകോമിന് 38.8 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. ഇന്ത്യയിലെ ആശയവിനിമയരംഗത്തും കണക്ടിവിറ്റിയിലും ജിയോ ഉണ്ടാക്കിയ മാറ്റങ്ങള്‍ എല്ലാവരും കണ്ടതാണെന്നും ജിയോയില്‍ നിക്ഷേപിക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചാ പാതയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നതായും മുബാദല ഇന്‍വെസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ. യുമായ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു.

2021 മാര്‍ച്ചിനകം തന്റെ കമ്പനികളെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കുമെന്ന് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ 53,125 കോടി രൂപയുടെ അവകാശഓഹരി ഇഷ്യു വന്‍ വിജയമായി. ജിയോ പ്ലാറ്റ്‌ഫോമില്‍ 18.97 ശതമാനം ഓഹരികള്‍ വിറ്റതിലൂടെ 87,655.73 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതുകൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപം നടത്തുന്നതിന് സൗദി ആരാംകോ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റിലയന്‍സിന് ആകെ 3,36,294 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ജിയോ പ്ലാറ്റ്‌ഫോംസില്‍ പുതിയനിക്ഷേപം എത്തിയതോടെ ഓഹരിവിപണിയില്‍ വെള്ളിയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില പുതിയ ഉയരം കുറിച്ചു.