കേരളത്തിൽ ഇന്ന് 24 പേർക്കാണ് കോവിഡ് ; നിരീക്ഷണത്തിലുള്ളത് 74,398 പേർ

Posted on: May 20, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 24 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേർക്ക് ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂർ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ 2 വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. തൃശൂർ 2, കണ്ണൂർ, വയനാട്, കാസർകോട് ഓരോന്ന് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതിൽ 12 പേർ വിദേശങ്ങളിൽനിന്നും വന്നവരാണ്. മഹാരാഷ്ട്രയിൽനിന്ന് എട്ടും തമിഴ്‌നാട്ടിൽനിന്ന് മൂന്നും. കണ്ണൂരിലെ ഒരാൾ സമ്പർക്കം.

ഇതുവരെ 666 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 161 പേർ ഇപ്പോൾ ചികിത്സയിലാണ്. 74,398 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 73,865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 46,961 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെൻറിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 6090 സാമ്പിളുകൾ ശേഖരിച്ചതിൽ 5728 നെഗറ്റീവായിട്ടുണ്ട്. പുതിയ ഹോട്ട്‌സ്‌പോട്ടുകൾ ഇല്ല. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ് എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണിൽ ചില ഇളവുകൾ വരുത്തിയെങ്കിലും തുടർന്നുള്ള നാളുകളിൽ പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും.

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരൻമാർ നാട്ടിലേയ്ക്ക് വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിദേശത്തുനിന്നും ഫ്‌ളൈറ്റ് വരാൻ തുടങ്ങിയത്.

മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ച ആരും ഉണ്ടായിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. മെയ് 13 ന് പുതിയ രോഗികളുടെ എണ്ണം പത്ത് ആയി. പതിനാലിന് 26, പതിനഞ്ചിന് 16, പതിനാറിന് 11, പതിനേഴിന് 14, പതിനെട്ടിന് 29, ഇന്നലെ 12, ഇന്ന് 24- ഇങ്ങനെയാണ് പുതുതായി പോസിറ്റിവായ കേസുകൾ വർധിക്കുന്നത്. 16 പേർ ചികിത്സയിലുണ്ടായിരുന്നതിൽ നിന്ന് നമ്മൾ ഇപ്പോൾ 161 ലെത്തി നിൽക്കുകയാണ്. ഈ വർധന മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ രോഗനിർവ്യാപന തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളത്.

കോവിഡ് 19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. ഇന്നലെ വാർത്താസമ്മേളനത്തിൽ പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവർക്കാണ് എന്നു പറഞ്ഞത് ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യം അതിൻറെ വ്യാപനം തടയാനുള്ള പ്രധാന ഉപാധി തന്നൊണ്.

ആ തിരിച്ചറിവ് ശരിക്കും ഉണ്ടാവുക എന്നത് പ്രധാനമാണ്. സംസ്ഥാന അതിർത്തിയിൽ ഒരു നിയന്ത്രണവും ഇല്ലാതെയിരിക്കുകയും റെഡ്‌സോണുകളിൽനിന്ന് വരുന്നവർ എല്ലാവരുമായും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെ ശക്തമായ നിലപാട് സർക്കാർ എടുക്കുന്നത്. ഇതിനർത്ഥം കേരളത്തിലേക്ക് എത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റിനിർത്തപ്പെടേണ്ടവർ ആണ് എന്നോ അല്ല. അങ്ങനെ ആക്കിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടാകാം. എന്നാൽ, അത്തരം കുപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങിപ്പോകാൻ പാടില്ല.

കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ എത്തിയ ഒരു കുടുംബത്തിൻറെ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയിൽനിന്ന് പെരിനാട് പഞ്ചായത്തിൽ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാൻ കഴിയാതെ തെരുവിൽ ഏറെനേരം തങ്ങേണ്ടിവന്നു എന്നാണ് വാർത്ത. അവർ ക്വാറൻറൈയിനുവേണ്ടി തയ്യാറാക്കിയ വീട്ടിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു എന്നും പരാതിയുണ്ട്.

മുംബൈയിൽ നിന്നുതന്നെ പ്രത്യേക വാഹനത്തിൽ എത്തിയ സംഘം റോഡിൽ കുറച്ചുനേരം വാഹനം നിർത്തിയിട്ടത് പരിഭ്രാന്തി പരത്തി എന്നൊരു വാർത്ത ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് കണ്ടു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വെച്ച് പ്രവാസി കേരളീയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചാരണവുമായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.

ഒരുകാര്യം ഇവിടെ വീണ്ടും ആവർത്തിച്ച് വ്യക്തമാക്കുകയാണ്- പ്രവാസി കേരളീയരുടെ നാടാണിത്. അവർക്കു മുന്നിൽ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. അന്യനാടുകളിൽ ചെന്ന് കഷ്ടപ്പെടുന്ന അവർക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിൻറെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിൻറെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകൾ സംസ്ഥാനത്തിൻറെ പുറത്തുണ്ട്. എല്ലാവർക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങൾ അതിന് വേണ്ടിവരും.

വിവിധ മലയാളി സംഘടനകൾ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാൽ, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയിൽ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളിൽ മുഴുകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.