കേരളത്തിൽ ഇന്ന് 29 പേർക്ക് കോവിഡ് 19

Posted on: May 18, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം, കണ്ണൂർ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് രണ്ടുവീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലമാണ് പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായ 29 പേരിൽ 21 പേർ വിദേശങ്ങളിൽനിന്ന് വന്നവരാണ്. ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നാണ്. കണ്ണൂരിൽ ഒരും ആരോഗ്യ പ്രവർത്തകന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.

ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 67,316 പേർ വീടുകളിലും 473 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 45,905 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 44,651 എണ്ണം രോഗബാധ ഇല്ലെന്നുറപ്പാക്കിയിട്ടുണ്ട്.

സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 5154 സാമ്പിളുകൾ ശേഖരിച്ചതിൽ 5082 നെഗറ്റീവായിട്ടുണ്ട്. 29 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്‌സ്‌പോട്ടുകൾ പുതുതായി വന്നു.

മെയ് 31 വരെ കേന്ദ്ര ഗവൺമെൻറ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ഇനി പറയുന്ന നിയന്ത്രണങ്ങൾ വരുത്തും. രാജ്യത്ത് പൊതുവായി അനുവദനീയമല്ലാത്ത വിഷയങ്ങൾ ആവർത്തിക്കുന്നില്ല.

സ്‌കൂളുകൾ, കോളേജുകൾ, മറ്റു ട്രെയിനിങ് കോച്ചിങ് സെൻററുകൾ എന്നിവ അനുവദനീയമല്ല. എന്നാൽ, ഓൺലൈൻ/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കും.

ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുൾപ്പെടയുള്ള പൊതുഗതാഗതം (സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിർത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല.)

അന്തർ ജില്ലാ യാത്രയ്ക്ക് ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം അനുവദനീയമായ കാര്യങ്ങൾക്ക് യാത്രചെയ്യുന്നതിന് അനുമതി നൽകും. രാവിലെ 7 മുതൽ വൈകിട്ട് 7 മണിവരെയുള്ള യാത്രകൾക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് കൈയിൽ കരുതിയാൽ മതിയാകും. കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ, അവശ്യസർവീസിലുള്ള സർക്കാർ ജീവനക്കാർ എന്നിവർക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.

ഇലക്ട്രീഷ്യന്മാർ, മറ്റു ടെക്‌നീഷ്യൻമാർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്ന ജീവനകാർക്ക് ഇത് ബാധകമല്ല).

ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടർ/പൊലീസ് മേധാവിയിൽ നിന്നും നേടേണ്ടതാണ്. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളിലെ കണ്ടയിൻമെൻറ് സോണുകളിൽ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും.

അനുവദനീയമായ പ്രവൃത്തികൾക്ക് പുറമെ ലോക്ക്ഡൗൺമൂലം ഒറ്റപ്പെട്ടുപോയ വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്കും ജീവനക്കാർക്കും വീടുകളിൽ പോകുന്നതിനും അനുമതി നൽകും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തർജില്ലാ യാത്ര അനുവദിക്കും.

വാഹനയാത്രകൾ

സ്വകാര്യ വാഹനങ്ങൾ, ടാക്‌സി ഉൾപ്പെടെ നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേർ. കുടുംബമാണെങ്കിൽ മൂന്നുപേർ. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ ഒരാൾ. കുടുംബമാണെങ്കിൽ 3 പേർ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും. ആരോഗ്യകാരണങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവർക്ക് ഇളവ് അനുവദിക്കാൻ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

വിവിധ സോണുകളിലെ കണ്ടയിൻമെൻറ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകൾ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറൻറയിനിൽ ഏർപ്പെടേണ്ടതാണ്. എന്നാൽ, മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികൾക്കുള്ള യാത്രകൾ നടത്തുന്ന സർക്കാർ ജീവനക്കാർ/സന്നദ്ധ സേവകർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമല്ല.

65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, തുടർ രോഗബാധയുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവർ അടിയന്തര/ചികിത്സ ആവശ്യങ്ങൾക്കൊഴികെ പരമാവധി വീടുകളിൽതന്നെ കഴിയേണ്ടതാണ്.

വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങൾ

ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ (മാളുകൾ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അമ്പതു ശതമാനം മാത്രം തുറന്നു പ്രവർത്തിക്കാം എന്നുള്ള വ്യവസ്ഥയിൽ കടകൾ അനുവദിക്കും. ഏതേത് ദിവസങ്ങളിൽ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ കൂട്ടായ്മകൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ അനുമതിയോടുകൂടി തീരുമാനിക്കണം.

എയർകണ്ടീഷൻ സംവിധാനം ഒഴിവാക്കി ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർകട്ടിങ്, ഹെയർ ഡ്രസിങ്, ഷേവിംഗ് ജോലികൾക്ക് മാത്രമായി പ്രവർത്തിക്കാം. ഒരു സമയത്ത് രണ്ടു പേരിൽ കൂടുതൽ കാത്തു നിൽക്കാൻ പാടില്ല. ഒരേ ടവൽ പലർക്കായി ഉപയാഗിക്കാൻ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമർ ടവൽ
കൊണ്ടുവരുന്നതാണ്. ഫോണിൽ അപ്പോയിൻറ്‌മെൻറ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണം.

റെസ്റ്റാറൻറുകളിലെ ടേക്ക് എവേ കൗണ്ടറുകളിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓൺലൈൻ/ഡോർ ഡെലിവറി അനുവദിക്കും.

ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഓൺലൈൻ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകൾ പാലിച്ചുകൊണ്ട് പാഴ്‌സൽ സർവ്വീസിനായി തുറക്കാവുന്നതാണ്. ബാറുകളിൽ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകൾ ബാധകമാണ്.

ഈ സംവിധാനം നിലവിൽ വരുന്ന ദിവസം മുതൽ ക്ലബുകളിൽ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെമ്പർമാർക്ക് മദ്യവും ആഹാരവും പാഴ്‌സലായി വിതരണം ചെയ്യാം. ടെലിഫോൺ വഴിയുള്ള ബുക്കിങ്ങോ അനുയോജ്യമായ മറ്റു മാർഗങ്ങളോ ക്ലബുകൾ ഇതിനായി സ്വീകരിക്കണം. ക്ലബുകളിൽ മെമ്പർമാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല. കള്ളു ഷാപ്പുകളിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാവുന്നതാണ്.

സർക്കാർ ഓഫീസുകൾ/സ്ഥാപനങ്ങൾ

എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേർ ഹാജരാകേണ്ടതാണ്. ശേഷിക്കുന്ന ജീവനക്കാർ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കേണ്ടതും ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥൻറെ നിർദ്ദേശാനുസരണം ഓഫീസിൽ എത്തേണ്ടതുമാണ്. പൊതുജനങ്ങൾക്കുള്ള സേവനം നൽകാൻ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകൾക്ക് അവധി ദിവസമായിരിക്കും.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളിൽ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കിൽ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതേണ്ടതാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളിൽ ഹാജരാകാൻ സാധിക്കാത്ത സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാൻ കഴിയാത്തവർ അതത് ജില്ലാ കളക്ടറുടെ മുമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടർ കോവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.

പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ) പ്രവർത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.

കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രവർത്തിക്കുക. ഉത്പാദന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കാവുന്നതാണ്. വിവാഹച്ചടങ്ങുകൾ പരമാവധി 50 ആൾക്കാരെ വച്ചും അനുബന്ധ ചടങ്ങുകൾ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്. മരണാനന്തര ചടങ്ങുകൾ പരമാവധി 20 ആൾക്കാരെ വെച്ചുമാത്രം നടത്തേണ്ടതാണ്. വർക്കിംഗ് മെൻ/വിമൺ ഹോസ്റ്റലുകളുടെ സുഗമമായ പ്രവർത്തനം സ്ഥാപനമേധാവികൾ ഉറപ്പാക്കേണ്ടതാണ്.

പൊതുവായ വ്യവസ്ഥകൾ

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഊർജിതമായി നടത്തേണ്ടതാണ്. കടകളിലും, ബാർബർഷോപ്പുകൾ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിൻറെ ഉപയോഗം കൃത്യമായി ഉറപ്പാക്കേണ്ടതാണ്. അടഞ്ഞു കിടന്ന സ്ഥാപനങ്ങൾ ശുചിയാക്കിയശേഷം ബുധനാഴ്ച മുതൽ പ്രവർത്തികൾ ആരംഭിച്ചാൽ മതിയാകും. അനുവദനീയമായ എല്ലാ പ്രവർത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റർ) പാലിച്ച് മാത്രമെ നിർവ്വഹിക്കാൻ പാടുള്ളൂ.

അനുവദനീയമല്ലാത്ത രാത്രി യാത്രകൾ ഒഴിവാക്കുന്നതിനായി സിആർപിസി സെക്ഷൻ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാൻ സാധിക്കാത്തവരുടെ രാത്രിയാത്രകൾ ഈ ഗണത്തിൽ പെടുത്തേണ്ടതില്ല. സ്വർണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പർശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂർണ്ണമായും ലോക്ക്ഡൗൺ പാലിക്കേണ്ടതാണ്. വിശദാംശങ്ങൾ ഉത്തരവിലുണ്ട്. തുടർ പ്രവർത്തനം ആവശ്യമായ നിർമാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും. ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.

ആരാധനയുടെ ഭാഗമായി കർമ്മങ്ങളും ആചാരങ്ങളും നടത്താൻ ചുമതലപ്പെട്ടവർക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം. പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാവുന്നതാണ്. മറ്റ് അടിയന്തര ഘട്ടങ്ങളിൽ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്റെ പാസ്സിന്റെ അടിസ്ഥാനത്തിൽ മാത്രമെ ഞായറാഴ്ചകളിൽ യാത്രചെയ്യാൻ പാടുള്ളൂ.

എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ ഈ മാർഗനിർദ്ദേശങ്ങൾക്കുപരിയായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിൻമെൻറ് സോണുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഏതെങ്കിലും ആളുകൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണ നിയമത്തിൻറെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയനാകേണ്ടിവരും. നിർവ്വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കേണ്ടതാണ്.

ട്രെയിൻ സർവീസ്

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. പഞ്ചാബ്, കർണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കിൽ ഒരു പ്രത്യേക സ്റ്റേഷനിൽ നിന്നും 1200 യാത്രക്കാർ ആകുന്ന മുറയ്ക്കാണ് റെയിൽവെ സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയിൽവേയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌പെഷ്യൽ ട്രെയിനിൽ യാത്രാ സൗകര്യം ഉറപ്പുവരുത്താൻ ആവശ്യമായ തയ്യാറെടുപ്പുകൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

കൂടുതൽ വിമാനങ്ങൾ

വിദേശരാജ്യങ്ങളിൽ നിന്നും വിമാനയാത്രവഴിയും കപ്പൽ യാത്രവഴിയും ഇതുവരെയായി 5815 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്. ഇന്നുമുതൽ ജൂൺ 2 വരെ 38 വിമാനങ്ങൾ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നും എട്ട് വിമാനങ്ങളും ഒമാനിൽ നിന്നും ആറ് വിമാനങ്ങളും സൗദി അറേബ്യയിൽ നിന്നും 4 വിമാനങ്ങളും ഖത്തറിൽ നിന്നും മൂന്നും കുവൈറ്റിൽ നിന്നും രണ്ടും വിമാനങ്ങൾ കേരളത്തിലെത്തും.

ബഹ്‌റൈൻ, ഫിലിപൈൻസ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്‌ട്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, അർമേനിയ, താജിക്കിസ്ഥാൻ, ഉക്രയിൻ, അയർലാൻറ്, ഇറ്റലി, റഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാർ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോർക്ക ഇൻഷുറൻസ് പരിരക്ഷ 

നോർക്ക റൂട്ട്‌സ് പ്രവാസി, വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുകൾക്ക് നൽകി വരുന്ന ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണ്ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് ആനുകൂല്യം രണ്ട് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായും വർദ്ധിക്കും. ആനുകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയൽ കാർഡിൻറെ അപേക്ഷ ഫീസ് വർദ്ധിപ്പിച്ചിട്ടില്ല.

പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിൻറെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിൻറെ കാമ്പെയിനിൻറെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 16 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.

കണ്ടെയിൻമെൻറ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിർത്തലാക്കും. എന്നാൽ, അത്യാവശ്യകാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാൻ അനുവാദം നൽകി.

കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ പൊലീസിൻറെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തുന്നതിൻറെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതുമൂലം പൊലീസിൻറെ പ്രവർത്തനത്തിൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

എസ്എസ്എൽസി പരീക്ഷ

മെയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററിയവൊക്കേഷണൽ ഹയർസെക്കൻററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷകൾ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തുന്നതാണ്. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുന്നതാണ്.

ബസ് ചാർജ്

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനിൽക്കുന്ന ഘട്ടത്തിൽ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂർണമായും ഒഴിവാക്കും. ആ കാലയളവിലേക്ക് മിനിമം ചാർജ് 50 ശതമാനം വർധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകൾക്ക് അർഹതയുള്ളവർ പരിഷ്‌കരിച്ച ചാർജിൻറെ പകുതി നൽകിയാൽ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വർധിപ്പിക്കും.

കാലാവസ്ഥ

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉംപുൻ സൂപ്പർ ചുഴലിക്കാറ്റിൻറെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളതീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.