സംസ്ഥാനങ്ങളുടെ വായ്പാ പരിധി 5 ശതമാനമായി ഉയർത്തി ; പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും

Posted on: May 17, 2020

ന്യൂഡൽഹി : ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യം, കമ്പനി നിയമങ്ങൾ, പി എസ് യു പരിഷ്‌കാരം, സംസ്ഥാനങ്ങളുടെ വരുമാനം എന്നീ മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രത്തെ പോലെ സംസ്ഥാനങ്ങൾക്കും വരുമാനം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനുള്ള സഹായം നൽകുന്നുണ്ട്. ബജറ്റ് അനുസരിച്ചുള്ള 46,038 കോടി സംസ്ഥാനങ്ങൾക്ക് നൽകി. നികുതി കമ്മി ഗ്രാൻഡും സമയത്ത് തന്നെ നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി 5 ശതമാനമാക്കി വർധിപ്പിച്ചു. ഇതുവഴി 4.2 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് അധികമായി ലഭിക്കും.

നിലവിൽ ജിഡിപിയുടെ 3 ശതമാനമാണ് വായ്പാ പരിധി. 3-3.5 ശതമാനം ഏത് ആവശ്യത്തിനും പിൻവലിക്കാം. എന്നാൽ ഒരു ശതമാനം കേന്ദ്രം നിർദേശിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് മാത്രമായി വിനിയോഗിക്കണം. ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഊർജവിതരണം പദ്ധതികൾക്ക് ശേഷി അര ശതമാനം നിക്കിവെയ്ക്കണം.

കോവിഡ് പ്രതിരോധത്തിന് ഇതിനകം 15,000 കോടി രൂപ അനുവദിച്ചു. സംസ്ഥാനങ്ങൾക്ക് 4,113 കോടി രൂപ നൽകി. പരിശോധന കിറ്റുകൾക്കും ലാബുകൾക്കും 550 കോടി രൂപ. അവശ്യവസ്തുക്കൾക്ക് 3,750 കോടി രൂപ. പിപിഇ കിറ്റുകളുടെ ഉത്പാദനം വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു. രാജ്യത്ത് 300 പിപിഇ നിർമാതാക്കളാണുള്ളത്. 51 ലക്ഷം കിറ്റുകൾ ഇതേവരെ വിതരണം ചെയ്തു കഴിഞ്ഞു.

എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക പകർച്ചവ്യാധി ബ്ലോക്കുകൾ നിർമ്മിക്കും. ലാബ് ശൃംഖലയും ഗവേഷണവും വർധിപ്പിക്കും. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്. താഴെത്തട്ടിലുള്ള ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ പണം.

ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പി്ക്കാൻ കൂടുതൽ നടപടി. വിദഗ്ധരുടെ ക്ലാസുകൾ തത്സമയം പ്രക്ഷേപണം ചെയ്യും. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് ചാനലുകൾ വഴി ദീക്ഷ വിദ്യാഭ്യാസ പരിപാടി. ഓരോ ക്ലാസിനും ഒരു ചാനൽ വീതം 12 വിദ്യാഭ്യാസ ചാനലുകൾക്ക് കൂടി അനുമതി നൽകി. ഇതിനായി സ്വകാര്യ ഡിടിഎച്ച് സേവനദാതാക്കളുമായി കൈകോർക്കും. ഇ-പാഠശാലയിൽ 200 പുസ്തകങ്ങൾ കൂടി ചേർത്തു.

കാഴ്ച, കേൾവി തകരാറുള്ളവർക്ക് ഇ-കണ്ടന്റ്. റേഡിയോ വഴിയും പ്രത്യേക ക്ലാസുകൾ നടത്തും. ലോക്ക് ഡൗൺ കാലത്തെ സമ്മർദം കുറയ്ക്കാൻ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകും. നൂറ് സർവകലാശാലകൾക്ക് മെയ് 30 ന് മു്മ്പ് ഓൺലൈൻ കോഴ്‌സുകൾ തുടങ്ങാൻ അനുമതി.

എംഎസ്എംഇ നിയമങ്ങളിൽ മാറ്റം വരുത്തും. വായ്പാ തിരിച്ചടവുകളിലെ വീഴ്ചകൾക്ക് ഒരു വർഷത്തേക്ക് നടപടിയുണ്ടാവില്ല. കമ്പനികളുടെ സാങ്കേതിക പിഴവ് ഇനി ക്രിമിനൽ കുറ്റമാകില്ല. ഇന്ത്യൻ കമ്പനികൾക്ക് ഇനി നേരിട്ട് വിദേശ ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്യാം. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കും. ചില മേഖലകളിൽ മാത്രമായിരിക്കും ഇനി പൊതുമേഖലയുടെ പ്രവർത്തനം. ഒരു വർഷത്തേക്ക് കിട്ടാക്കടം ഇല്ല.

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തിന്റെ വിവിധ കോണുകളിൽ ആവശ്യക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള 85 ശതമാനം ചെലവുംവഹിച്ചത് കേന്ദ്രസർക്കാരാണ്. യാത്രയ്ക്കിടെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു.

8.19 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 2000 രൂപ വീതം നേരിട്ട് എത്തിച്ചു. ജൻധൻ അക്കൗണ്ടുകളിൽ നിന്ന് 20 കോടി സ്ത്രീകൾക്ക് പണം കൈമാറി. ഇതിനു പുറമെ 6.81 കോടി സൗജന്യ പാചകവാതക സിലിണ്ടറുകൾ എത്തിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് അധികവിഹിതമായി 40,000 കോടി രൂപ. മൺസൂൺ കാലത്തും തൊഴിൽ ഉറപ്പാക്കും. 300 അധിക തൊഴിൽ ദിനം കൂടി നടപ്പാക്കും. ബജറ്റിൽ തൊഴിലുറപ്പിനായി നീക്കിവെച്ചത് 61,000 കോടി രൂപയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ കാലത്ത് 12 ലക്ഷം ആളുകൾ പ്രോവിഡന്റ് ഫണ്ടിൽ നിന്നും തുക പിൻവലിച്ചു.