കേരളത്തിൽ ഇന്ന് 2 കോവിഡ് 19 പോസിറ്റീവ് കേസുകൾ ; രണ്ട് പേരും വിദേശത്ത് നിന്ന് വന്നവർ

Posted on: May 9, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 2 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് വന്നിട്ടുള്ളത്. രണ്ടും വിദേശത്തുനിന്ന് കഴിഞ്ഞദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ കോഴിക്കോട്ടും അടുത്തയാൾ കൊച്ചിയിലും ചികിത്സയിലാണ്. 7-ാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.

ഇതുവരെ 505 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 36,002 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 നെഗറ്റീവായിട്ടുണ്ട്.

നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഇന്നു വന്ന പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. വിദേശത്തുനിന്നായാലും മറ്റു സംസ്ഥാനങ്ങളിൽ നിന്നായാലും ഇങ്ങോട്ടുവരുന്നവരും അവർക്കുവേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂർണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പു കൂടിയാണിത്.

ലോകത്തിൻറെ ഏതു ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. അതിനായി കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

വിദേശത്തുനിന്ന് വരുന്നവരുടെ മുൻഗണനാക്രമം തയ്യാറാക്കുന്നതും എത്ര പേരെയാണ് നാട്ടിൽ കൊണ്ടുവരേണ്ടത്, ഏതു വിമാനത്താവളത്തിലാണ് അവരെ എത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാസൗകര്യം ഏർപ്പെടുത്തുന്നതും അതിൻറ ചെലവ് ഈടാക്കുന്നതും കേന്ദ്ര സർക്കാരാണ്.

നാട്ടിലെത്തിക്കഴിഞ്ഞാൽ അവർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. പ്രവാസികൾക്കായുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതും ക്വാറൻറൈൻ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇവരാണ്. വിമാനത്താവളത്തിലെ മെഡിക്കൽ പരിശോധനക്കു ശേഷം കെഎസ്ആർടിസി ബസ്സുകളിൽ മടങ്ങിയെത്തുന്ന പ്രവാസികളെ നിശ്ചയിച്ചിരിക്കുന്ന താമസ സ്ഥലങ്ങളിൽ എത്തിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിനും ഒന്നുവീതം ഡോക്ടർ ഉൾപ്പെടെ വൈദ്യസഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ആവശ്യമായ ആംബുലൻസ് സൗകര്യവും ഓരോ നിരീക്ഷണ കേന്ദ്രത്തിലുമുറപ്പുവരുത്തിയിട്ടുണ്ട്.

സൗകര്യങ്ങൾ ഒരുക്കുന്നതിനും മറ്റുമായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും എപ്രിൽ 1 മുതൽ ഇന്നലെ വരെ 13.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യതി ബോർഡും വാട്ടർ അതോറിറ്റിയും തുടർച്ചയായി വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്തുന്നുണ്ട്.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ വിവിധ പ്ലാനുകളിലായി തിരിച്ച് 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 125 സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കും.

കേരളത്തിലോ ഇന്ത്യയിൽത്തന്നെയോ രോഗം നിയന്ത്രിതമായി എന്നതുകൊണ്ടു മാത്രം നാം സുരക്ഷിതരാവുന്നില്ല. കോവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ട ഒരു രാജ്യവും അതിനെ പൂർണ്ണമായി അതിജീവിച്ചിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 38.2 ലക്ഷമാണ്. 2,64,000ത്തോളം പേർ മരണമടഞ്ഞു.

ഇന്ത്യയിൽ നിലവിലെ രോഗികളുടെ എണ്ണം നാൽപതിനായിരത്തോട് അടുക്കുകയാണ്. മരണസംഖ്യ ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 1981. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. മരണം 40 ആയി. കർണാടകത്തിൽ രോഗികളുടെ എണ്ണം 753ഉം മരണം 30ഉം ആണ്. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 20,000ത്തോട് അടുക്കുന്നു. മരണസംഖ്യ 731.

ഈ സാഹചര്യത്തിലാണ് നാം കോവിഡ് 19നെ പ്രതിരോധിക്കുന്നത്. അതുകൊണ്ടുതന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം പിടിച്ചുനിർത്തുന്നതും ഏറ്റവും പ്രധാന ചുമതലയായി നാം ഏറ്റെടുക്കുകയാണ്.

സർക്കാരിൻറെ കെയർ സെൻററുകളിൽ കഴിയുന്നവരേയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരേയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവർക്ക് ബന്ധപ്പെടാവുന്ന നമ്പരും നൽകിയിട്ടുണ്ട്. സർക്കാരിൻറെ കെയർ സെൻററുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയർസെൻററും.

നിരീക്ഷണത്തിലുള്ളവർക്കായി കോവിഡ്-19 ഇ-ജാഗ്രത ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീഡിയോ കോൾ വഴി ഡോക്ടർമാർ ഇവരുമായി ബന്ധപ്പെടുന്നു. ചെറിയ രോഗലക്ഷണമുള്ളവർക്ക് ഇ-ജാഗ്രത ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവർത്തകർ ആ മരുന്ന് എത്തിച്ച് നൽകുകയും ചെയ്യുന്നു. ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ ടീം ഇക്കാര്യം ചർച്ച ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുന്നു. ഉടൻ തന്നെ ആംബുലൻസ് അയച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിൽ വെച്ചാണ് സ്രവമെടുത്ത് ആർടി, പിസിആർ പരിശോധനയ്ക്കായി അയയ്ക്കുന്നത്. തൊട്ടടുത്തിരുന്ന് യാത്ര ചെയ്തവരെയെല്ലാം നിരീക്ഷണത്തിലാണ്. അവരെ പെട്ടെന്ന് ട്രെയിസ് ചെയ്ത് കൂടുതൽ ശ്രദ്ധിക്കാനും കഴിയുന്നുണ്ട്.

ഇത്രയും വിശദീകരിച്ചത് നമ്മുടെ ശ്രദ്ധ വളരെ സൂക്ഷ്മതലത്തിൽ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ്. വിദേശത്തുനിന്ന് വരുന്നവരായാലും രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽനിന്ന് വരുന്നവരായാലും ഒരേ സമീപനമാണ് നമുക്കുള്ളത്. ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കു തന്നെയാണ്. രോഗവ്യാപനം ഇല്ലാതിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇങ്ങോട്ടുവരാൻ താൽപര്യപ്പെടുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസ് ഇല്ലാതെ പലരും എത്താൻ ശ്രമിക്കുന്നുണ്ട്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്നുമുണ്ട്. താൽക്കാലികമായി അത്തരം ചില പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവർക്കു മാത്രമേ അതിർത്തി കടക്കാൻ കഴിയൂ. അതല്ല എങ്കിൽ രോഗവ്യാപനം തടയാൻ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വരുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻഗണനാ പട്ടികയിൽപ്പെട്ടവരും സ്വന്തം വാഹനത്തിൽ വരാൻ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിൻ മാർഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയിൽ ഡെൽഹിയിൽനിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തീയതി ഉടനെ അറിയാൻ കഴിയും. വിദ്യാർത്ഥികൾക്കാണ് ഇതിൽ മുൻഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്നും പ്രത്യേക ട്രെയിനുകൾ ആലോചിച്ചിട്ടുണ്ട്. മറ്റു മാർഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെനിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കൽ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും. എല്ലാവരെയും ഇങ്ങോട്ടുകൊണ്ടുവരിക എന്നതാണ് സമീപനം.

ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തർക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. അതിലൂടെ മാത്രമേ രോഗം പരിധിവിട്ട് വ്യാപിക്കുന്നത് നമുക്ക് തടയാൻ കഴിയൂ. അതിർത്തിയിൽ ഉണ്ടാകുന്ന തിരക്കും ആരോഗ്യവിവരങ്ങൾ മറച്ചുവെച്ചും അനധികൃത മാർഗങ്ങളിലൂടെയുമുള്ള വരവും ശക്തമായി തടഞ്ഞില്ലെങ്കിൽ നാം ആപത്തിലേക്ക് നീങ്ങും.

ഒരാൾ അതിർത്തി കടന്നുവരുമ്പോൾ എവിടെനിന്നു വരുന്നു? എങ്ങോട്ടുപോകുന്നു? എത്തിച്ചേരുന്ന സ്ഥലത്ത് എന്തൊക്കെ സംവിധാനങ്ങൾ? എന്നിങ്ങനെയുള്ള കൃത്യമായ ധാരണ സർക്കാരിന് വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. അതിനിടയ്ക്ക് ഇതൊന്നുമില്ലാതെ എല്ലാവർക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകൾക്ക് പ്രയാസങ്ങളുണ്ട്. അത് സർക്കാർ മനസ്സിലാക്കുന്നുമുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചാരണം പാടില്ല. പുറത്തുനിന്ന് എത്തുന്നവർ എത്തേണ്ടിടത്തു തന്നെ എത്തണം. അത് പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. അങ്ങനെയല്ലെങ്കിൽ അത് ചട്ടലംഘനമായി മാറും. അക്കാര്യത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിർത്തിവെച്ചിട്ടില്ല. രജിസ്റ്റർ ചെയ്യുന്നവർക്ക് സമയം നിശ്ചയിച്ചുകൊടുക്കുന്നുണ്ട്. അതിർത്തിയിലെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. എല്ലാവർക്കും ഒരേ സമയം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ അതിന് ഇപ്പോൾ കഴിയില്ല. അത് ക്രമപ്പെടുത്തുന്നതിനാണ് പാസ് നൽകിയത്. പാസ് നൽകിയതുപ്രകാരം എല്ലാവരും എത്തണം. അല്ലെങ്കിൽ നിലവിലുള്ള ക്രമീകരണങ്ങളുടെ താളംതെറ്റിപ്പോകും. സാഹചര്യം മനസ്സിലാക്കി മാധ്യമങ്ങളും വാർത്തകൾ നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലത്തെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ തലപ്പാടി എന്നീ ചെക്ക് പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ കേരളത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ ചെക്ക്‌പോസ്റ്റിലൂടെയും സാധ്യമാകുന്ന ആളുകൾക്കാണ് പാസ് അനുവദിക്കുന്നത്.

സംസ്ഥാനത്തേക്ക് കടക്കാൻ പാസില്ലാതെ ധാരാളംപേർ ചെക്ക്‌പോസ്റ്റുകളിൽ ഇന്ന് എത്തിയിട്ടുണ്ട്. പാസില്ലാത്തവരെ അതിർത്തിയിൽ നിന്നുതന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ചിലർ കാലാവധി കഴിഞ്ഞ പാസ് കൊണ്ടുവരുന്നുണ്ട്. മറ്റുചിലർ പാസിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് മുമ്പേ എത്തിയവരാണ്. വാഹനം കിട്ടാനുളള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാൽ വൈകിയവരാണെങ്കിൽ തീയതിയിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവയ്ക്കാതെ ഇളവ് അനുവദിച്ച് കൊടുക്കുന്നുണ്ട്.

അതിർത്തി കടന്ന് എത്തുന്നവരുടെ പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പ്രവേശനാനുമതി നൽകാൻ തിരുവന്തപുരം റൂറൽ, കൊല്ലം റൂറൽ, പാലക്കാട്, വയനാട്, കാസർകോട് എസ്പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി ജനമൈത്രി പൊലീസിൻറെ സേവനവും വിനിയോഗിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് അഞ്ച് ചെക്ക് പോസ്റ്റുകളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പാസ് ഇല്ലാത്ത ആരെയും കടത്തിവിടില്ല എന്ന കാര്യം ഒന്നുകൂടി ഓർമിപ്പിക്കുന്നു. പാസ് കിട്ടിയാൽ മാത്രമേ പുറപ്പെടാൻ പാടുള്ളു. ഇതുവരെ 21,812 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. 54,262 പേർക്കാണ് ഇതുവരെ പാസ് നൽകിയിട്ടുള്ളത്.

ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി നാല് ഹെൽപ്പ്‌ഡെസ്‌ക്കുകൾ തുടങ്ങും. ഡെൽഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോർക്ക ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഹെൽപ്പ്‌ഡെസ്‌ക്ക് പ്രവർത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയർക്കായി കോൾ സെൻററുകളും ആരംഭിക്കും.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ എത്തിക്കാൻ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ മുന്നോട്ടുവന്നിട്ടുണ്ട്. ടൂറിസം വകുപ്പ് 493 വാഹനങ്ങൾ ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിലെ റിയാദിൽ നിന്ന് 152 പ്രവാസികൾ ഇന്നലെ (മെയ് 8) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 142 പ്രവാസികളായ മലയാളികളും കർണാടക സ്വദേശികളായ എട്ടുപേരും തമിഴ്‌നാട് നിന്നുള്ള രണ്ടുപേരുമാണ് വന്നത്. യാത്രക്കാരിൽ 128 മുതിർന്നവരും 24 കുട്ടികളുമായിരുന്നു. 78 പേർ ഗർഭിണികളും. ഇതിൽ 34 പേരെ സർക്കാർ ഒരുക്കിയ വിവിധ കോവിഡ് കെയർ സെൻററുകളിലേയ്ക്കും ഏഴുപേരെ അവർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയർ സെൻററുകളിലേക്കും മാറ്റി.

ഗർഭിണികൾക്ക് പ്രത്യേകമായ പരിഗണന നൽകുന്നുണ്ട്. വീടുകളിലെ ക്വാറൻറൈനാണ് അവർക്ക് അനുവദിച്ചിരിക്കുന്നത്. അവരും വീട്ടുകാരും കർക്കശമായി സുരക്ഷാമാനദണ്ഡം പാലിക്കണം. ഗർഭിണികൾക്ക് ആശുപത്രികളിൽ പോകണമെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കണം.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഗർഭിണികൾ ഉൾപ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളിൽ നിരീക്ഷണത്തിനയച്ചു. വിമാനത്തിലെത്തിയ യാത്രക്കാരിൽ നാല് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെയെത്തിയ ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 87 പേർ പുരുഷൻമാരും 94 പേർ സ്ത്രീകളുമാണ്. ഗർഭിണികൾ 25 പേരും പത്ത് വയസ്സിൽ താഴെയുള്ള 28 കുട്ടികളുമുണ്ട്. ഇതിൽ എറണാകുളം സ്വദേശികളായ 15 പേരെ കോവിഡ് കെയർ സെൻററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇന്ന് മസ്‌കറ്റ്-കൊച്ചി, കുവൈത്ത്-കൊച്ചി, ദോഹ-കൊച്ചി എന്നിങ്ങനെ മൂന്ന് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്.

സംസ്ഥാനത്ത് വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകമായ ജാഗ്രത പുലർത്തണം

ഞായറാഴ്ച

ഞായറാഴ്ച ലോക്ക്ഡൗൺ എങ്ങനെ എന്നതിനെക്കുറിച്ച് ചോദ്യം ഉയർന്നിരുന്നുവല്ലൊ. അതുസംബന്ധിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമാർജനം നടത്തുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാകും.

ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും മേൽ സൂചിപ്പിച്ച അനുവദനീയ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം. വേറെ അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പൊലീസിൻറെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.

ക്വാറൻറൈൻ

ക്വാറൻറൈൻ കാര്യത്തിൽ വേണ്ട ക്രമീകരണങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ഡോ. ബി. ഇക്ബാലിൻറെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതനുസരിച്ച് ചില ക്രമീകരണങ്ങൾ വരുത്തുകയാണ്. കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആളുകൾക്ക് ആദ്യം മെഡിക്കൽ പരിശോധന നടത്തും. അതിൽ രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറൻറൈനിൽ അയക്കും. രോഗലക്ഷണമുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ക്വാറൻറൈൻ സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കിൽ പിസിആർ ടെസ്റ്റും തുടർചികിത്സയും ലഭ്യമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആൻറിബോഡി കിറ്റുകൾ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് ആൻറിബോഡി ടെസ്റ്റ് തീരുമാനിക്കപ്പെടുകയും ചെയ്യും.

കേരളത്തിൻറെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങൾ വരുത്തുന്നത്. കേരളത്തിൽ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണ് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മറ്റ് എന്തിനേക്കാളും മെച്ചമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

വീടുകളിൽ ക്വാറൻറൈൻ ചെയ്യുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങളും നിബന്ധനകളും പ്രസിദ്ധപ്പെടുത്തും. തമിഴ്‌നാട്ടിൽ നിന്നുവന്ന അമ്മയ്ക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അവരുടെ ഫലം നെഗറ്റീവാണ്. ചില കാര്യങ്ങൾ ഉറപ്പാക്കി മാത്രമേ പറയാൻ പാടുള്ളൂ എന്നതിന്റെ സൂചനയാണിത്.

ദുരിതാശ്വാസ നിധി

ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,89,531 രൂപ. എം. ആർ. എഫ് കോട്ടയം യുണിറ്റിലെ സിഐടിയു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം 15,00,550 രൂപ. സ്വാശ്രയ ഫാർമസി കോളേജ് മാനേജ്‌മെൻറ് അസോസിയേഷൻ 10 ലക്ഷം രൂപ. രാംകോ സിമൻറ് 22,60,880 രുപയുടെ ഇൻഫ്രാ റെഡ് തെർമോമീറ്ററുകൾ. നേരത്തെ 48,31,681 രൂപയുടെ ഉപകരണങ്ങൾ കൈമാറിയിരുന്നു.

തൊടുപുഴ സ്വദേശി സൽമ സെബാസ്റ്റ്യൻ മുവാറ്റുപുഴ താലൂക്കിലെ എനാനല്ലൂരിലെ 5 സെൻറ് ഭൂമി. മുൻ മന്ത്രി ബേബിജോണിന്റെ പത്‌നി അന്നമ്മാ ബേബിജോൺ, മകൾ ഷീലാ ജയിംസ് എന്നിവർ ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.