കേരളത്തിൽ നാലുപേർക്ക് കൂടി കോവിഡ് ; 20,773 പേർ നിരീക്ഷണത്തിൽ

Posted on: April 28, 2020

തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച നാലു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലുള്ള മൂന്നു പേർക്കും കാസർഗോഡ് ജില്ലയിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ട് പേർ വിദേശത്തു നിന്നും വന്നതാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് നാലുപേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,773 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 20,255പേർ വീടുകളിലും 518 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 151 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 23,980 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 23,277 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 801 സാമ്പിളുകൾ നെഗറ്റീവായി. സമൂഹത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 26ന് 3101 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ചൊവ്വാഴ്ച സ്ഥിരീകരിച്ചവരിൽ മൂന്നു പേരുടെ ഫലം ഇതിൽ നിന്നുള്ളതാണ്. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകൾ ലാബുകളിൽ പരിശോധനയിലാണ്. 25 സാമ്പിളുകൾ ലാബുകൾ പുന:പരിശോധനയ്ക്കായി നിർദേശിച്ചിട്ടുണ്ട്.

പുതുതായി ഏഴു ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുൻസിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 100 ആയി.