കേരളത്തിൽ 13 പേർക്ക് കോവിഡ്19 ; ചികിത്സയിലുള്ളത് 123 പേർ

Posted on: April 27, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 13 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ വിദേശത്ത് നിന്നും (യുഎസ്എ) 5 പേർ തമിഴ്നാട്ടിൽ നിന്നും വന്നവരാണ്. 7പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ കോട്ടയം ജില്ലയിലെ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

സംസ്ഥാനത്ത് 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 19,812 പേർ വീടുകളിലും 489 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 23,271 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 611 സാമ്പിളുകൾ നെഗറ്റീവായി. സമൂഹത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 26ന് 3056 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണാക്കി പ്രഖ്യാപിച്ചു. പുതുതായി 6 ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂർ, അയർകുന്നം, തലയോലപ്പറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 93 ആയി.

കോട്ടയം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ

1. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി (40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്.

2. കുഴിമറ്റം സ്വദേശിനി (56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവർത്തകന്റെ ബന്ധു.

3. മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ (43). കോഴിക്കോട് ജില്ലയിൽ പോയിരുന്നു.

4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി (46) ചങ്ങനാശേരിയിൽ താമസിക്കുന്നു. തൂത്തുക്കുടിയിൽ പോയിരുന്നു.

5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി (28). മേലുകാവുമറ്റം സ്വദേശിനി.

6. കോട്ടയത്തെ ആരോഗ്യപ്രവർത്തകൻ (40). വടവാതൂർ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോൺടാക്ട്.