കേരളത്തിൽ 7 പേർക്ക് കൂടി കോവിഡ്19 ; ചികിത്സയിലുള്ളത് 116 പേർ

Posted on: April 25, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 116 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ ഷാർജയിൽ നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ജില്ലയിലുള്ള ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തർ ഷാർജയിൽ നിന്നും കോട്ടയം ജില്ലയിലെ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. കണ്ണൂർ, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാൾ) ജില്ലകളിൽ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയിൽ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,004 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 20,580 പേർ വീടുകളിലും 464 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 22,360 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 21,457 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.