കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്19 ; നിരീക്ഷണത്തിലുള്ളത് 21,725 പേർ

Posted on: April 24, 2020

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്നുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുപേരും കാസർഗോഡ് ജില്ലക്കാരാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേർ രോഗമുക്തി നേടി. കാസർഗോഡ് അഞ്ചുപേർക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്നുപേർക്കു വീതവും കൊല്ലത്ത് ഒരാൾക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 450 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 116 പേർ നിലവിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 21,725 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,243 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 452 പേർ ആശുപത്രികളിലാണുള്ളത്. ഇന്നുമാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21,941 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 20,830 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

നിലവിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്-56 പേർ. കാസർകോട് 18 പേർ ചികിത്സയിലുണ്ട്. തൃശൂർ, ആലപ്പുഴ ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരും ചികിത്സിലില്ല. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിർത്ത കടന്നെത്തിയ എട്ടുപേരെ കൊറോണ കെയർ സെന്ററിലാക്കിയിട്ടുണ്ട്. ഇതുവരെ 57 പേരാണ് നടന്ന് അതിർത്തി കടന്നെത്തിയത്. ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 മൂലം കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.