കേരളത്തിൽ 10 പേർക്ക് കോവിഡ്19 ; ചികിത്സയിലുള്ളത് 129 പേർ

Posted on: April 23, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 10 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ടുവീതം, തിരുവനന്തപുരം, കൊല്ലം ഒന്നുവീതവും ഫലങ്ങളാണ് പോസിറ്റീവായത്. കാസർകോട് 6, മലപ്പുറം, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരിൽ നാലുപേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. രണ്ടുപേർ വിദേശത്തുനിന്ന് വന്നവർ. സമ്പർക്കംമൂലം രോഗബാധയുണ്ടായത് നാലുപേർക്കാണ്.

ഇതുവരെ 447 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 23,876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 23,439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 21,334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 20,326 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരും. കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2592 പേരാണ്. കാസർഗോഡ് 3126 ഉം, കോഴിക്കോട്ട് 2770 ഉം മലപ്പുറത്ത് 2465 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

മറ്റു പത്ത് ജില്ലകൾ ഓറഞ്ച് സോണിലാകും. റെഡ്‌സോണായി കണക്കാക്കുന്ന നാലു ജില്ലകളിലും നിയന്ത്രണങ്ങൾ കർക്കശമായി തുടരും. നേരത്തെ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ പെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ, ഇന്ന് പുതിയ കേസുകൾ വന്നതിനാൽ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ചിൽ ഉൾപ്പെടുത്തി.

ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകൾ ആകെ അടച്ചിടും. മുനിസിപ്പൽ അതിർത്തിയിൽ ബന്ധപ്പെട്ട വാർഡുകളും കോർപ്പറേഷനുകളിൽ ബന്ധപ്പെട്ട ഡിവിഷനുകളും മാത്രം അടച്ചിടുകയുമാണ് ചെയ്യുക. ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ട് പരിധിയിൽ വരിക എന്നത് അതത് ജില്ലാ ഭരണകൂടെ തീരുമാനിക്കും.

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലേയും കോട്ടയം മെഡിക്കൽ കോളേജിലേയും കോവിഡ് 19 ലാബിന് ഐസിഎംആർ അംഗീകാരം ലഭിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലെ കോവിഡ് ലാബിൽ നാളെ മുതൽ കോവിഡ് പരിശോധന ആരംഭിക്കാനാകും. ഈ ലാബിൽ 4 റിയൽ ടൈം പിസിആർ മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 15ഉം പിന്നീട് 60 വരെയും പരിശോധന ദിനംപ്രതി നടത്താനാകും.

ഇതോടെ കേരളത്തിൽ 14 സർക്കാർ ലാബുകളിലാണ് കോവിഡ്-19 പരിശോധന നടത്തുന്നത്. രണ്ട് സ്വകാര്യ ലാബുകളിലും പരിശോധന നടന്നുവരുന്നു. സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ 10 റിയൽ ടൈം പിസിആർ മെഷീനുകൾ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്.

മൂന്നാംഘട്ടത്തിൽ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായില്ല എന്നതാണ് നിലവിലുള്ള കണക്കുകൾ വെച്ച് അനുമാനിക്കാവുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ, ഭീഷണി തുടരുക തന്നെയാണ്.

തമിഴ്‌നാട്, കർണ്ണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുളള അത്യാവശ്യ യാത്രകൾക്കുവേണ്ടി ജില്ല കടന്നു പോകുന്നതിന് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും മാത്രമേ എമർജൻസി പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കളിയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്‌നാട് ഗവൺമെൻറ് സർവ്വീസിലെ വനിതാ ഡോക്ടറെയും അവരെ അതിർത്തി കടക്കാൻ സഹായിച്ച സംസ്ഥാന സർവീസിലെ ഡോക്ടറായ അവരുടെ ഭർത്താവിനെയും ക്വാറൻൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും ഐപിസി പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെൻമല പൊലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ പ്രവേശിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ല. പലർക്കും അത്യാവശ്യമുണ്ട്. പക്ഷെ, ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിക്കാനാവില്ല. കർക്കശമായിത്തന്നെ അനധികൃത യാത്രകൾ തടയും. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കും.

സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തിൽ പ്രശ്‌നങ്ങളില്ല. 2254 ട്രക്കുകൾ ഇന്നലെ വന്നു. പഴം, പച്ചക്കറി ഇനങ്ങളിൽ വരവിൽ വലിയ പ്രശ്‌നങ്ങളില്ല. എല്ലായിനങ്ങളുടെയും സ്റ്റോക്ക് പരിശോധിച്ച് സാധനങ്ങൾ സംഭരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

നിർമാണപ്രവർത്തനം പരിമിതമായ തോതിൽ അനുവദിച്ചിട്ടുണ്ടെങ്കിലും സിമൻറ്, മണൽ, കല്ല് എന്നിവ കിട്ടാൻ പ്രയാസം നേരിടുന്നു. ഇത് കണക്കിലെടുത്ത് ക്വാറികൾ നിയന്ത്രണവിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ്. കേന്ദ്രസർക്കാർ ഖനനം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങൾക്ക് അനുസൃതമായി അനുമതി നൽകും. സിമൻറ് കട്ടപിടിച്ചുപോകാതിരിക്കാൻ തുറക്കാൻ അനുമതി നൽകും.

വിദേശങ്ങളിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് മരുന്ന് എത്തിക്കാൻ കൊറിയർ സർവീസ് ലഭ്യമാക്കാമെന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി നോർക്ക റൂട്ട്‌സിനെ അറിയിച്ചിട്ടുണ്ട്. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസിൽ എത്തിച്ചാൽ പാക്കിങ് ഉൾപ്പെടെ കമ്പനി നിർവഹിച്ച് ഡോർ ടു ഡെലിവറിയായി മരുന്ന് എത്തിക്കും. റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ രണ്ടുദിവസത്തിനകം ഓഫീസ് തുറക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ പള്ളികളിൽ നടക്കുന്ന വിവാഹങ്ങൾ പരമാവധി 20 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നൽകും. ആരോഗ്യപ്രവർത്തകർ, പൊലീസ്, ഹോം ഡെലിവറി നടത്തുന്നവർ സന്നദ്ധ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവർക്കിടയിൽ റാൻഡമായി ആൻറിബോഡി ടെസ്റ്റ് നടത്തും. സമൂഹവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാനാണിത്.

സംസ്ഥാനത്ത് ഈ ദുരന്തകാലം അഭിമുഖീകരിക്കുന്നതിൽ മുമ്പിൽ നിൽക്കുന്നവരിൽ സാമൂഹിക സന്നദ്ധ സേനയുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധ സേന രൂപീകരിക്കാൻ സർക്കാർ എടുത്ത തീരുമാനം ഇപ്പോൾ നാടിൻറെയാകെ രക്ഷയ്ക്കായി പ്രയോജനപ്പെടുകയാണ്. 2020 ജനുവരി ഒന്നിനാണ് സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിച്ചത്.

ഓരോ 100 പേർക്കും ഒരു സാമൂഹിക സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ 3,40,000 അംഗങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 3,30,216 അംഗങ്ങളാണ് സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുകയാണ്. 16 നും 65 നും ഇടയിൽ പ്രായമുള്ളവരാണ് അംഗങ്ങൾ.

ഓരോ ജില്ലയിലും പരമാവധി 10 കേന്ദ്രങ്ങളിൽ സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ്19 ന്റെ പരിശീലനത്തിന് തടസ്സം നേരിട്ടെങ്കിലും സന്നദ്ധസേന രജിസ്‌ട്രേഷനിൽ വലിയ പുരോഗതിയാണുണ്ടായത്. കോവിഡ് 19 പ്രതിരോധത്തിനായി 38,000 സന്നദ്ധ പ്രവർത്തകർക്ക് പാസുകൾ അനുവദിച്ചു.

സാമൂഹിക അടുക്കളുടെ നടത്തിപ്പ്, പച്ചക്കറി വിത്ത് വിതരണം, മരുന്ന് വിതരണം, രക്തദാനം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് സന്നദ്ധ സേന പ്രവർത്തകർ നടത്തുന്നത്. നിലവിൽ സന്നദ്ധ സേനയിൽ 2,62,104 പുരുഷന്മാരും, 68,059 സ്ത്രീകളും, 53 ഭിന്നലിംഗക്കാരുമാണുള്ളത്.

രാജ്യത്ത് ആദ്യമായി ഗവൺമെന്റ് രൂപീകരിച്ച സന്നദ്ധ സേന നമ്മുടെ സംസ്ഥാനത്താണെന്നത് അഭിമാനകരമാണ്. വരും ദിവസങ്ങളിൽ കൂടുതൽ സന്നദ്ധരായ വ്യക്തികൾ സേനയുടെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രവർത്തന സമയം കണക്കാക്കി സന്നദ്ധ സേന പ്രവർത്തകരുടെ സേവനത്തിന് അംഗീകാരം നൽകുന്ന രീതി പ്രാവർത്തികമാക്കും. ദുരന്ത ലഘൂരണത്തിനാവശ്യമായ പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് അവർക്ക് ലഭ്യമാക്കും.

കൊച്ചി ആസ്ഥാനമായുളള കിറ്റെക്‌സ് ഗാർമെൻറ്‌സ് പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാർ നിഷ്‌കർഷിച്ച മാനദണ്ഡപ്രകാരം നിർമിച്ചതാണിവ. പ്രതിദിനം 20,000 കിറ്റ് ഉണ്ടാക്കാനുളള ശേഷി ഇവർക്കുണ്ട്.

മറ്റൊരു പ്രധാന നേട്ടം കേരളത്തിൽ തന്നെ എൻ 95 മാസ്‌ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന വ്യവസായം തുടങ്ങാൻ കഴിഞ്ഞു എന്നതാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറോഫിൽ ഫിൽട്ടേഴ്‌സ് ഇന്ത്യ, സർക്കാരിൻറെ കീഴിലുള്ള മേക്കർ വില്ലേജിൻറെ സഹായത്തോടെയാണ് എൻ 95 മാസ്‌ക് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സർക്കാരിൻറെ ഗ്വാളിയർ ലാബിന്റെ അനുമതി കിട്ടിയാൽ ഉത്പാദനം തുടങ്ങും.

മറ്റൊന്ന് വെൻറിലേറ്ററുകളുടെ നിർമാണമാണ്. വെൻറിലേറ്ററുകളുടെ ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തെ നേരിടാനാണ് ഇന്ത്യയിൽ വെൻറിലേറ്റർ നിർമിക്കാൻ കഴിയുമോ എന്ന് വ്യവസായികളോട് സർക്കാർ ആരാഞ്ഞത്.

ഈ ദൗത്യം ഇന്ത്യയിലെ തന്നെ, ഇലക്ട്രോണിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അവരുടെ കൊച്ചിയിലെ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയർമാരുടെ പരിശ്രമ ഫലമായി പത്തു ദിവസങ്ങൾക്കുളിൽ തന്നെ അന്താരാഷ്ട്ര ഗുണനിലവാരും പുലർത്തുന്ന വെൻറിലേറ്റർ വിജയകരമായി വികസിപ്പിച്ചെടുത്തു.

കേരളത്തിലെ വിദഗ്ധ ഡോക്ടർമാർ ഈ വെൻറിലേറ്ററിന്റെ പ്രവർത്തനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. നിയമാനുസൃതമായ എല്ലാ അനുമതികളും കരസ്ഥമാക്കി ഉയർന്ന ഗുണനിലവാരവും വിലക്കുറവുമുള്ള ഈ വെൻറിലേറ്റർ ലഭ്യമാക്കാൻ സാധ്യമാകും എന്നാണ് കരുതുന്നത്.

സർജിക്കൽ ഗ്ലൗസിന്റെ ഉത്പാദനം സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്നുണ്ട്. കിൻഫ്രാ പാർക്കിലെ യുബിയോ ഗൈ കമ്പനി കോവിഡ്-19 ൻറെ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐസിഎംആർ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഇതെല്ലാം കോവിഡ് 19 കാലത്തെ നേരിടാൻ എങ്ങനെ നമ്മുടെ വ്യവസായ ലോകം തയാറായി എന്നതിന്റെ തെളിവാണ്.

മുൻ എംപിമാർ, എംഎൽഎമാർ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.