കേരളത്തിൽ 11 പേർക്കുകൂടി കോവിഡ് ; ചികിത്സയിലുള്ളത് 127 പേർ

Posted on: April 22, 2020

തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച 11 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഏഴ്, കോഴിക്കോട്ട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഫലം പോസിറ്റീവായത്. പാലക്കാടുള്ള ഒരാളുടെ പരിശോധനാഫലമാണ് ബുധനാഴ്ച നെഗറ്റീവായി. ഇതുവരെ 437 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ ഇപ്പോൾ ചികിത്സയിലാണ്.

28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമായി സംസ്ഥാനത്ത് 29,150 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്്. ബുധനാഴ്ചമാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ്. അഞ്ചുപേരാണ് വിദേശത്തുനിന്ന് വന്നവർ. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജൻമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ കണ്ണൂർ സ്വദേശിയാണ്. അവർ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം തടയും- മുഖ്യമന്ത്രി
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ കേരളത്തിലേക്കും തിരിച്ചും അനധികൃതമായി കടക്കുന്നത് തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായും തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചു. ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്നർ ലോറികളും അടച്ചുപ്പൂട്ടിയ വാഹനങ്ങളും മുഴുവനായി തുറന്നുപരിശോധിച്ച് യാത്രക്കാർ അകത്തില്ലെന്നു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഊടുവഴികളിലൂടെ ജനങ്ങൾ അതിർത്തി കടക്കുന്നില്ലെന്നു ഉറപ്പുവരുത്താൻ അതിർത്തികളോട് ചേർന്ന പൊലീസ് സ്റ്റേഷനുകളുടെ കീഴിൽ ബൈക്ക് പട്രോൾ സംവിധാനം ഊർജിതമാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും മൊബൈൽ പട്രോൾ സംഘവുമുണ്ടാകും. അതിർത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും പരിശോധന ഉറപ്പാക്കുന്നതിന് ഡി വൈ എസ് പി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.