കേരളത്തിൽ 19 പേർക്ക് കൂടി കോവിഡ് ; നിരീക്ഷണത്തിലുള്ളത് 36,667 പേർ

Posted on: April 21, 2020

തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ പത്തും പാലക്കാട് നാലും കാസർകോട് മൂന്നും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതവും പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ ഒമ്പതു പേർ വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസർകോട് ജില്ലയിൽ മൂന്നു പേരും വിദേശത്തുനിന്ന് വന്നവരാണ്.

മലപ്പുറം, കൊല്ലം ജില്ലകളിലെയും പാലക്കാട്ടെ ഒരാളും തമിഴ്നാട്ടിൽ നിന്ന് വന്നതാണ്. അതിർത്തിയിലെ നിയന്ത്രണം കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 16 പേർ രോഗമുക്തരായി. കണ്ണൂരിൽ ഏഴും കാസർകോടും കോഴിക്കോടും നാലു വീതവും തിരുവനന്തപുരത്ത് ഒരാളും രോഗമുക്തി നേടി. 117 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 36667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 36335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലുമാണ്.

രോഗവ്യാപനം പ്രവചനാതീതമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വിചിത്രമായ അനുഭവങ്ങളുമുണ്ട്. പത്തനംതിട്ട ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച 62 വയസുകാരി ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ല. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ രണ്ടിന് ഒരു തവണ പരിശോധന നെഗറ്റീവായെങ്കിലും രോഗമുക്തയായിട്ടില്ല. 36 ദിവസമായി രോഗി പോസിറ്റീവാണ്. 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. പ്രതിസന്ധിയെ മറികടക്കുന്നത് എളുപ്പ ജോലിയല്ല. അതിനാൽ ജാഗ്രതക്കുറവ് ഉണ്ടാവാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ രോഗികളുള്ള കണ്ണൂരിൽ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വീട്ടിലെ പത്തു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയിൽ വലിയ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ഹൈറിസ്‌ക്ക് കോണ്ടാക്ടുകളുടെ മുഴുവൻ സാമ്പിൾ പരിശോധിക്കാൻ നടപടിയെടുത്തു. 53 പേർ കണ്ണൂരിൽ മാത്രം ചികിത്സയിലുണ്ട്.

പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ കണ്ണൂരിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പോലീസ് പരിശോധനയ്ക്കെങ്കിലും വിധേയമാവുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപന പരിധിയിലുള്ള ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തു. ഇവിടങ്ങളിൽ ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രം പ്രവർത്തിക്കും. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ തദ്ദേശസ്ഥാപന പരിധിയിൽ കാൾ സെന്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.