റിവേഴ്‌സ് റിപ്പോ 0.25 ശതമാനം കുറച്ചു ; ചെറുകിട മേഖലയ്ക്ക് 50,000 കോടി

Posted on: April 17, 2020

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് റിസർവ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിര്ക്ക് 0.25 ശതമാനം കുറവ് വരുത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി. റിപ്പോ നിരക്കിൽ മാറ്റമില്ല. ചെറുകിട വ്യവസായമേഖലയ്ക്ക് 50,000 കോടി രൂപയുടെ പാക്കേജും ആർബിഐ ഗവർണർ ശക്തി കാന്ത് ദാസ് പ്രഖ്യാപിച്ചു.

വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുക,സാമ്പത്തിക സമ്മർദം കുറയ്ക്കുക, ബാങ്കുകളിൽ നിന്ന് വായ്പാ സൗകര്യം ഉറപ്പാക്കുക, വിപണിയുടെ പ്രവർത്തനം സുഗമമാക്കുക എന്നീ നാല് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പ്രഖ്യാപനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി നബാർഡ്, സിഡ്ബി, എൻഎച്ച്ബി എന്നിവയ്ക്കാണ് 50,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 60 ശതമാനം അധിക ഫണ്ടും അനുവദിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.