കേരളത്തിൽ 9 പേർക്ക് കോവിഡ് ; നിരീക്ഷണത്തിലുള്ളത് 1,46,686 പേർ

Posted on: April 7, 2020

 

തിരുവനന്തപുരം : കേരളത്തിൽ 9 പേർക്ക് കൂടി (കാസർഗോഡ് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1) കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ നാല് പേർ വിദേശത്തു നിന്നു വന്നവരും രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമാണ്. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂർ 5, എറണാകുളം 4, തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ഓരോന്നു വീതം. ഇതുവരെ 336 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 263 പേർ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി നേഴ്‌സുമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആശങ്കയുണ്ടാക്കുന്നു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികൾക്ക് സുഖം പ്രാപിച്ചത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഇവരെ ശുശ്രൂഷിക്കവെ സ്റ്റാഫ് നേഴ്‌സ് രേഷ്മ മോഹൻദാസിന് രോഗം ബാധിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തുമ്പോൾ ഇനിയും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ തയാറാണെന്നാണ് നേഴ്‌സ് രേഷ്മ പ്രതികരിച്ചത്. കോട്ടയത്ത് തന്നെയുള്ള മറ്റൊരു നേഴ്‌സ് പാപ്പാ ഹെന്റി, കോവിഡ് ബാധയുള്ള ജില്ലകളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി വാർത്തകളുണ്ടായിരുന്നു. അവർക്കും അതേ കരുതലാണ് നൽകേണ്ടത്.’ മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിന് അയച്ചു. ചരക്ക് നീക്കത്തിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. 1745 ട്രക്കുകളാണ് തമിഴ്‌നാട്, കർണാടക അതിർത്തി കടന്ന് വന്നത്. ഇതിൽ 43 എൽപിജി ടാങ്കറുകളും സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക്ഡൗണിന് മുൻപ് ഒരു ദിവസം 227 എൽപിജി ടാങ്കറുകൾ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്റ്റോക്കിൽ പ്രശ്‌നമില്ല. സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു.
കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റർ വിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കർഷക വിപണി വഴി പച്ചക്കറി ശേഖരിക്കും. കർഷകർ ഇത് ഉപയോഗിക്കണം. പഴം, പച്ചക്കറി വ്യാപാരികൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിൽനിന്ന് തന്നെ ശേഖരിക്കണം. രോഗികളെ കടത്തിവിടുമെന്ന് കേന്ദ്രവും കർണാടകയും സമ്മതിച്ചു. ഉത്തരവും ഇറങ്ങിയിട്ടുണ്ട്.

ലോക്ക്ഡൗണിന്റെ മറവിൽ ഭാരത പുഴയിൽനിന്ന് മണൽ വാരുന്നുവെന്ന് വിവരം ലഭിച്ചു. നിയമവിരുദ്ധപ്രവർത്തനങ്ങൾ അനുവദിക്കില്ല. നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അമിത വില ഈടാക്കലും തടയാൻ നടപടികൾ സ്വീകരിക്കും. 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 നടപടികൾക്കു ശുപാർശ ചെയ്തു. മത്സ്യ പരിശോധനയിൽ ഗുരുതരമായ പ്രശ്‌നം കണ്ടെത്തി. വളത്തിന് വച്ച മീൻ ഇങ്ങോട്ട് കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടു. റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.