കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ് ; 165,934 പേർ നിരീക്ഷണത്തിൽ

Posted on: April 2, 2020

തിരുവനന്തപുരം : കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 145. കൊല്ലത്ത് 27 കാരിയായ ഗർഭിണിക്കും കൊറോണ ബാധിച്ചു.

കാസർഗോഡ് – 8, ഇടുക്കി – 5, കൊല്ലം- 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1,65, 291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ എട്ട് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകൾ. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നു വന്നവരും അവരുമായി ബന്ധപ്പെട്ടവരും 28 ദിവസത്തെ ക്വാറന്റൈ പൂർത്തിയാക്കണം. സാമൂഹ വ്യാപനം തടയാനുള്ള ഏറ്റവും നല്ല വഴിയാണിത്. അടിയന്തര സാഹചര്യം നേരിടാൻ ഒരു ലക്ഷം ബാത്ത് അറ്റാച്ചഡ് മുറികൾ ക്രമീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റാപ്പിഡ് ടെസ്റ്റിന്റെ അനിവാര്യത പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ ശ്രദ്ധയിൽപ്പെടുത്തി. കിറ്റുകൾ ഹോങ്കോംഗിൽ നിന്ന എത്തിക്കാൻ സഹായം അഭ്യർത്ഥിച്ചു. ചരക്ക് നീക്കം ഉറപ്പാക്കണം. സംസ്ഥാനത്തിന്റെ വായ്പ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എൻസിസി, എൻഎസ്എസ് വോളണ്ടിയർമാരെ കൂടി പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.