കേരളത്തിൽ 19 പേർക്കു കൂടി കൊറോണ ; നിരീക്ഷണത്തിലുള്ളത് 1,20,003 പേർ

Posted on: March 26, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊറോണ ഭീഷണി എത്ര കടുത്തതായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,20,003 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ കണ്ണൂർ ജില്ലക്കാരും മൂന്നു പേർ വീതം കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുമാണ്. തൃശൂരിൽ നിന്നുള്ള
രണ്ടു പേർക്കും ഇടുക്കി, വയനാട് ജില്ലകിളിൽ ഓരോരുത്തർക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റിനാണ് കൊറോണ സ്ഥിരീകരിച്ചത്. വയനാട് ജില്ലയിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരും ആശുപത്രി വിട്ടു. ഇപ്പോൾ 601 പേരാണ് ആശുപത്രികളിലുള്ളത്. നിർദേശം ലംഘിച്ച് ഇറങ്ങി നടക്കുന്നവരെ കർശനമായി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.