കേരളത്തിൽ 9 പേർക്ക് കൂടി കൊറോണ ;കോവിഡ് ബാധിതർ ആകെ 112

Posted on: March 25, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ട് പാലക്കാട്, മൂന്ന് പേർ എറണാകുളം, രണ്ട് പേർ പത്തനംതിട്ട, ഒരാൾ കോഴിക്കോട് എന്നിവിടങ്ങളിലാണ്. ഇവരിൽ നാല് പേർ ദുബായിൽ നിന്നും ഒരാൾ യുകെ, ഒരാൾ ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നു വന്നവരാണ്. മറ്റ് മൂന്ന് പേർക്ക് ഇടപഴകലിലൂടെയാണ് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അർബുദരോഗികൾ, ഹൃദയ-വൃക്കരോഗികൾ തുടങ്ങിയവർക്കുള്ള മരുന്നുകൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശരായ ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കും. ഇതിനായി 1000 ഭക്ഷണശാലകളിലൂടെ ഹോം ഡെലിവറി നടപ്പാക്കും.

മുൻഗണനാ ലിസ്റ്റിൽപ്പെട്ടവർക്ക് നേരത്തെ പ്രഖ്യാപിച്ച പോലെ തന്നെ അരിയും ഭക്ഷ്യവസ്തുക്കളും നൽകും. മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്ക് 10 കിലോ അരി നൽകാനുള്ള തീരുമാനം 15 കിലോ ആയി വർധിപ്പിച്ചു. ഒപ്പം പലവ്യഞ്ജന കിറ്റും നൽകും. ഒരു കുടുംബവും പട്ടിണികിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.