കേരളത്തിൽ 14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Posted on: March 24, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ 8 പേർ ദുബായിൽ നിന്നു വന്നവരാണ്. കോട്ടയത്ത് ഒരു സ്റ്റാഫ് നേഴ്‌സിനും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 105 ആയി. ഇന്നു മാത്രം 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 72,460 പേർ. ആശുപത്രികളിലുള്ളത് 466 പേർ. വീടുകളിൽ നിരീക്ഷണത്തിലുള്ളത് 71,994 പേരാണ്. ഇതേവരെ 4513 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 3331 സാമ്പിളുകൾ നെഗറ്റീവാണ്.

സംസ്ഥാനത്തെ എല്ലാ യാത്രാവാഹനങ്ങളും സർവീസ് നിർത്തിവെക്കണം. ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ല. കാറുകളിൽ ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ മാത്രമെ ആകാവു. ഓട്ടോ -ടാക്‌സി ആശുപത്രി, അടിയന്തര ആവശ്യങ്ങൾക്ക് മാത്രം. യാത്രക്കാർ പോലീസിനുള്ള അപേക്ഷ കൈയിൽ കരുതണം. അനാവശ്യ യാത്രകൾക്ക് നടപടി നേരിടേണ്ടി വരും. അഞ്ച് പേരിൽ കൂടുതൽ എവിടെയും കൂട്ടംകൂടരുത്. കാസർഗോഡ് കൂടുതൽ ജാഗ്രതയ്ക്ക് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിനോദത്തിനും ആർഭാടത്തിനും കടകൾ തുറക്കരുത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമെ കടകൾ തുറക്കാവൂ. സാധനങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടി. വിലകൂട്ടി വിൽക്കാനോ പൂഴ്ത്തിവെയ്ക്കാനോ പാടില്ല. കടകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ എംഎൽഎമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.