കേരളത്തിൽ 25,000 ലേറെപ്പേർ നിരീക്ഷണത്തിൽ ; പുതിയ കോവിഡ് കേസുകളില്ല

Posted on: March 18, 2020

തിരുവനന്തപുരം : കേരളത്തിൽ 25,000 ലേറെപ്പേർ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 237 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ അഭിനന്ദനം സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കും. മാസ്‌ക്കുകളുടെ ക്ഷാമം രണ്ട് ദിവസത്തിനുള്ളിൽ തീരും. കൂടുതൽ കോവിഡ് കെയർ സെന്ററുകൾ ആരംഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഒപി സമയം വർധിപ്പിക്കും. ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകും.

ആരാധനാലയങ്ങളിൽ കരുതൽ ശക്തമാക്കണം. ഏത് സമയവും സ്ഥിതി ഗുരുതരമാകാം. വെള്ളിയാഴ്ച, ഞായറാഴ്ച പ്രാർത്ഥനകൾ ഒഴിവാക്കണം. പ്രധാനമത നേതാക്കളുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. കൂട്ടായ്മകൾ പാടില്ല. ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നാളെ ചർച്ച നടത്തും. പ്രതിപക്ഷ നേതാവും ചർച്ചയിൽ പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ഷോപ്പിംഗിലും ജാഗ്രത വേണം. ഓൺലൈൻ ഷോപ്പിംഗ് വ്യാപിപ്പിക്കും. ഡെലിവറി ഏജന്റുമാർ കൃത്യമായ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.