ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക്

Posted on: February 23, 2020

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്  രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ യുഎസ് പ്രസിഡന്റും സംഘവും ഇന്ത്യയിലെത്തും. രാവിലെ 11.40 ന് അഹമ്മദാബാദിൽ എത്തുന്ന ട്രംപ് സബർമതി ആശ്രമം സന്ദർശിക്കും. ഭാര്യ മെലാനി ട്രംപ്, മകൾ ഇവാൻക  ട്രംപ്,  മരുമകൻ ജാർഡ് കുഷ്‌നർ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ എത്തുന്ന ട്രംപ് റോഡ് ഷോയിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് 1.05 ന് മൊട്ടേര സ്റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കും. ഉച്ചഭക്ഷണത്തിനു ശേഷം ട്രംപും സംഘവും ആഗ്രയിൽ താജ്മഹൽ സന്ദർശിക്കും. തുടർന്ന് ഡൽഹിയിലേക്ക് പോകും. മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കും. വൈകുന്നേരം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും.

ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയെന്ന് ട്രംപ് പ്രതികരിച്ചു. നരേന്ദ്ര മോദി അടുത്ത സുഹൃത്താണ്. അഹമ്മദാബാദിലെ സ്വീകരണ റാലി വൻ സംഭവമാകുമെന്നും ട്രംപ് പറഞ്ഞു.

മെലാനി ട്രംപിന്റെ പരിപാടിയിൽ അരവിന്ദ് കെജരിവാൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി. ഈ പരിപാടിയിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചിരുന്നില്ല.