ട്രംപിന് ആവേശകരമായ വരവേൽപ്പ് ; ട്രംപ് – മോദി കൂടിക്കാഴ്ച നാളെ

Posted on: February 24, 2020

അഹമ്മദാബാദ് / ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ് നൽകി. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിച്ചു. മൂന്ന് സേനാ വിഭാഗങ്ങളും ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന സബർമതി ആശ്രമത്തിൽ എത്തിയ ട്രംപും പത്‌നിയും ചർക്കയിൽ നൂൽ നൂറ്റു. തുടർന്ന് റോഡ് ഷോയിൽ പങ്കെടുത്തു. വഴി നീളെ വിവിധ കലാരൂപങ്ങൾ ഒരുക്കിയിരുന്നു. മൊട്ടേര സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് അരമണിക്കൂർ പ്രസംഗിച്ചു.

ഇന്ത്യയുമായി എക്കാലത്തെയും വലിയ വ്യാപാരക്കരാർ ഉണ്ടാവുമെന്ന് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി 21,000 കോടിയുടെ പ്രതിരോധ കരാറിന്റെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ഇന്ത്യയുടെ ഐക്യം ലോകത്തിന് മാതൃകയെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ കുതിച്ചുച്ചാട്ടത്തിന് മോദി അടിത്തറയിട്ടു. ഇന്ത്യൻ വനിത സംരംഭകരെ ട്രംപ് പ്രശംസിച്ചു. പുരുഷൻമാർ കരുതിയിരിക്കണം.

നമസ്‌തേ ട്രംപ് ചരിത്ര സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ദൃഡമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആഗ്രയിൽ താജ്മഹൽ സന്ദർശിച്ച ട്രംപിനെയും സംഘത്തെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, മരുമകൻ ജറാദ് കുഷ്‌നർ തുടങ്ങിയവരും ട്രംപിനൊപ്പമുണ്ടായിരുന്നു. തുടർന്ന് രാത്രി ന്യൂഡൽഹിയിൽ എത്തിയ ട്രംപ് ഐടിസി മൗര്യ ഹോട്ടലിലാണ് താമസം.

ചൊവ്വാഴ്ച രാവിലെ 11 ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയമുായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് യുഎസ് എംബസിയുമായി ബന്ധപ്പെട്ട ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10 ന് യു എസിലേക്ക് മടങ്ങും.