അമേരിക്കയുമായി 300 കോടി ഡോളറിന്റെ വ്യാപാര കരാറിൽ ധാരണ

Posted on: February 25, 2020

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിൽ 300 കോടി ഡോളറിന്റെ വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഒരു മണിക്കൂർ നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ച നടത്തിയത്. വിപുലമായ വ്യാപാരകരാർ ഒപ്പിടുന്നതിന് ഇരു നേതാക്കളും ധാരണയായി.

ഈ കരാർ ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗം പൂർത്തിയാക്കും. തീവ്രവാദം നേരിടാൻ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

രാവിലെ രാഷ്ട്രപതി ഭവനിൽ ഡൊണാൾഡ് ട്രംപിനെയും മെലാനിയ ട്രംപിനും ഉജ്ജ്വല വരവേൽപ്പ് നൽകി. മൂന്ന് സേനകളുടെ ഗാർഡ് ഓഫ് ഓണർ നൽകി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ട്രംപിനെയും പത്‌നിയെയും സ്വീകരിച്ചു. രാജ്ഗട്ടിൽ എത്തിയ ട്രംപും മെലാനിയയും മഹാത്മഗാന്ധിയുടെ സമാധിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മെലാനിയ ട്രംപ് മോട്ടി ബാഗിലെ സർവോദയ വിദ്യാലയം സന്ദർശിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഡൊണാൾഡ് ട്രംപും സംഘവും അമേരിക്കയിലേക്ക് മടങ്ങി.