എയർഇന്ത്യയുടെ 370 പ്രതിദിന ഫ്‌ളൈറ്റുകളിൽ ലാഭകരം 9 മാത്രം

Posted on: November 26, 2014

Air-India-boeing-787-dreaml

എയർഇന്ത്യയുടെ 370 പ്രതിദിന ഫ്‌ളൈറ്റുകളിൽ ലാഭകരമായി സർവീസ് നടത്തുന്നത് 9 എണ്ണം മാത്രം. ഇവയിൽ രണ്ട് എണ്ണം കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിലേക്കുള്ളവയാണ്. വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മയാണ് ഞെട്ടിപ്പിക്കു സത്യം ഇന്നലെ പാർലമെന്റിൽ വെളിപ്പെടുത്തിയത്.

പ്രതിദിനമുള്ള 120 രാജ്യാന്തര ഫ്‌ളൈറ്റുകളിൽ മൂന്ന് സർവീസുകൾ മാത്രമാണ് ലാഭം നേടിത്തരുന്നത്. കൊച്ചി-കോഴിക്കോട്- ജിദ്ദ, കോഴിക്കോട് – ഷാർജ, കോൽക്കത്ത – യംഗോൺ എന്നിവയാണ് ലാഭകരമായ ഇന്റർനാഷണൽ സർവീസുകൾ.

ആഭ്യന്തര സർവീസ് നടത്തുന്ന 250 ൽ ആറ് ഫ്‌ളൈറ്റുകൾ ലാഭകരമാണ്. ഡൽഹി – ലേ, ഡൽഹി – കോൽക്കത്ത, ലേ – ജമ്മു, ഡൽഹി – ശ്രീനഗർ, ശ്രീനഗർ – ലേ, ഡൽഹി – ഹൈദരാബാദ് – വിജയവാഡ സെക്ടറുകളിൽ കാര്യമായ മത്സരമില്ലാത്തതിനാൽ എയർ ഇന്ത്യ ഫ്‌ളൈറ്റുകൾ ലാഭം നേടുന്നുവെന്ന് മാത്രം. ഏറ്റവും തിരക്കേറിയ ഡൽഹി-മുംബൈ സെക്ടറിൽ എയർഇന്ത്യ കനത്ത നഷ്ടം നേരിടുകയാണ്.

അതേസമയം മൂന്നിൽ രണ്ടു സർവീസുകളും ഇന്ധനച്ചെലവും എയർപോർട്ട് നിരക്കുകൾക്കുമുള്ള പണം നേടുന്നുണ്ടെന്നാണ് എയർഇന്ത്യ അധികൃതരുടെ അവകാശവാദം. എന്നാൽ പലിശയും ശമ്പളവും കൊടുക്കാനുള്ള പണം കിട്ടുന്നില്ലെന്ന് എയർഇന്ത്യയുടെ ഉന്നത മാനേജ്‌മെന്റ് രഹസ്യമായി സമ്മതിക്കുന്നു.