ലയനനീക്കം : കൊട്ടക് – ഐഎൻജി ഓഹരി വിലയിൽ മുന്നേറ്റം

Posted on: November 20, 2014

KotakMahindraBank-Big

ഐഎൻജി വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിൽ ലയിച്ചേക്കുമെന്ന വാർത്തകളുടെ പിൻബലത്തിൽ ഇരു ബാങ്കുകളുടെയും ഓഹരിവിലയിൽ വൻ മുന്നേറ്റം. ലയനം നടന്നാൽ ഐഎൻജി വൈശ്യ ബാങ്കിന്റെ 2.5 ഓഹരികൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ രണ്ട് ഓഹരികൾ വീതം ലഭ്യമായേക്കുമെന്നാണ് സൂചന. ഇരുബാങ്കുകളും വാർത്ത നിഷേധിച്ചിട്ടില്ല.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില ഇന്ന് 7.35 ശതമാനം വർധിച്ച് 1,156.70 രൂപയായി. അഞ്ച് രൂപ മുഖവിലയുള്ള ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ, ലക്‌സംബർഗ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും ലിസ്റ്റ്‌ചെയ്തിട്ടുണ്ട്. 385.16 കോടി രൂപ ഓഹരി മൂലധനത്തിൽ 42.64 ശതമാനം വിദേശനിക്ഷേപകരുടെ കൈവശമാണ്.

ING-Vysya-Bank-big

ഐഎൻജി വൈശ്യ ബാങ്കിന്റെ ഓഹരി വില 7.84 ശതമാനം വർധിച്ച് 816.95 രൂപയായി. പത്തു രൂപയാണ് ഓഹരികളുടെ മുഖവില. 188.64 കോടി രൂപ ഓഹരിമൂലധനത്തിൽ 27.91 ശതമാനം വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. ഡച്ച് ഐഎൻജിയാണ് ഐഎൻജി വൈശ്യയുടെ പ്രമോട്ടർമാർ.

മുംബൈ ആസ്ഥാനമായുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന് 641 ശാഖകളും 1,159 എടിഎമ്മുകളുമുണ്ട്. നിക്ഷേപം 68,103 കോടി രൂപ. വായ്പകൾ 60,948 കോടി രൂപ. കൊട്ടക് ബാങ്കിന്റെ പ്രമോട്ടർ ഉദയ് കൊട്ടക് ആണ്.

ബംഗലുരു ആസ്ഥാനമായുള്ള ഐഎൻജി വൈശ്യ ബാങ്കിന് 573 ശാഖകളും 635 എടിഎമ്മുകളുമുണ്ട്. നിക്ഷേപം 44,652 കോടി രൂപ. വായ്പകൾ 40,066 കോടി രൂപ.