ഭാരത് പെട്രോളിയം ഉൾപ്പടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നു

Posted on: November 21, 2019

ന്യൂഡൽഹി : ബിപിസിഎൽ ഉൾപ്പടെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഭാരത് പെട്രോളിയം, ഷിപ്പംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർത്ത് ഈസ്‌റ്റേൺ ഇലക് ട്രിക് പവർ കോർപറേഷൻ, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ എന്നിവയിലെ ഓഹരികളാണ് വിൽക്കുന്നത്.

സർക്കാരിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളും വിൽക്കും. ഷിപ്പിംഗ് കോർപറേഷനിലെ 63.75 ശതമാനം സർക്കാർ ഓഹരികളിൽ 53.75 ശതമാനവും കണ്ടെയ്‌നർ കോർപറേഷനിലെ 54.8 ശതമാനം ഓഹരികളിൽ 30.9 ശതമാനവും വിൽക്കും. സർക്കാർ ഓഹരികൾ വിൽക്കുന്നതോടെ ഭാരത് പെട്രോളിയം പൂർണമായും സ്വകാര്യ കമ്പനിയായി മാറും. പ്രതിവർഷം 37 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരണ ശേഷിയുള്ള ബിപിസിഎല്ലിന് 15,000 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുണ്ട്.

അതേസമയം ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ 74.23 ശതമാനം ഓഹരികളും നോർത്ത് ഈസ്‌റ്റേൺ ഇലക്ട്രിക് പവർ കോർപറേഷന്റെ 100 ശതമാനം ഓഹരികളും എൻടിപിസിക്ക് കൈമാറും. ഷിപ്പിംഗ് കോർപറേഷനിലെ 63.75 ശതമാനം സർക്കാർ ഓഹരികളിൽ 53.75 ശതമാനം സ്വകാര്യ മേഖലയ്ക്ക് വിൽക്കും. കണ്ടെയ്‌നർ കോർപറേഷന്റെ 30.9 ശതമാനം സർക്കാർ ഓഹരികളും മാനേജ്‌മെന്റ് നിയന്ത്രണവും കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.