ഇൻഫോസിസ് : സമഗ്ര അന്വേഷണം നടത്തുമെന്ന് നന്ദൻ നിലേക്കനി

Posted on: October 23, 2019

ന്യൂഡൽഹി : ഇൻഫോസിസിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കമ്പനി ചെയർമാൻ നന്ദൻ നിലേക്കനി. സെപ്റ്റംബർ 20 ന് ആണ് എത്തിക്കൽ എംപ്ലോയീസിന്റെ കത്ത് ലഭിക്കുന്നത്. ഒക്‌ടോബർ 10 ന് കത്ത് ഓഡിറ്റ് കമ്മിറ്റിക്ക് കൈമാറി. പിറ്റേന്ന് ചേർന്ന ബോർഡ് യോഗം ഇന്റേണൽ ഓഡിറ്റർമാരായി ഏണസ്റ്റ് ആൻഡ് യംഗിനെയും സ്വതന്ത്ര അന്വേഷണത്തിന് നിയമ സ്ഥാപനമായ ശാർദ്ദൂൽ അമർചന്ദ് മംഗൾദാസ് കമ്പനിയെയും നിയോഗിച്ചതായി നന്ദൻ നിലേക്കനി പറഞ്ഞു.

അക്കൗണ്ടിംഗ് ക്രമക്കേടുകൾ വഴി ലാഭം പെരുപ്പിച്ചു കാട്ടാൻ സിഇഒ സലിൽ പരേഖും സിഎഫ്ഒ നിലഞ്ജൻ റോയ് യും ശ്രമിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. ഇവർ നടത്തിയ പല ഇടപാടുകളും വേണ്ടത്ര പരിശോധനയോ വിവിധ തലങ്ങളിലെ അനുമതിയോ കൂടാതെയായിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നലത്തെ തകർച്ചയിൽ നിന്നു കരകയറിയ ഇൻഫോസിസ് ഓഹരിവില ഇന്ന് ഒരു ശതമാനം വർധിച്ച് 650 രൂപയായി.