ഇന്ത്യ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം : നിർമലാ സീതാരാമൻ

Posted on: October 17, 2019

വാഷിംഗ്ടൺ : ഇന്ത്യയേക്കാൾ മികച്ച നിക്ഷേപ സൗഹൃദ രാജ്യം ലോകത്ത് കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. അന്താരാഷ് ട്ര നാണ്യ നിധി ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.സർക്കാർ തുടർച്ചയായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നു. എല്ലാറ്റിനും ഉപരിയായി ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും പിന്തുടരുന്നു. ഇന്ത്യ സുതാര്യവും തുറന്നു മനസുള്ളതുമായ സമൂഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യുഎസ് – ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ്പ് ഫോറവുമായി സഹകരിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് പരിപാടി സംഘടിപ്പിച്ചത്.